
ഇന്ത്യയില്‍ നിരോധിക്കപ്പെട്ട പബ്ജി മൊബൈലിന്റെ ഇന്ത്യന്‍ പതിപ്പായി രംഗത്തിറക്കിയ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (BGMI) ഗെയിമിന് അപ്രതീക്ഷിത വിലക്ക്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഇപ്പോള്‍ ഈ ബാറ്റില്‍ റൊയേല്‍ ഗെയിം ലഭ്യമല്ല.സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഗൂഗിളിന്റെ പ്രതികരണം. ഉത്തരവ് കിട്ടിയതിന് ശേഷം നിലവിലുള്ള നടപടികളനുസരിച്ച് ഡവലപ്പറെ അറിയിക്കുകയും പ്ലേസ്റ്റോറില്‍ ലഭ്യമായിരുന്ന ആപ്പിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം സമാനമായ മറ്റൊരു ഗെയിമായ പബ്ജി ന്യൂസ്റ്റേറ്റ് ഇപ്പോഴും ലഭ്യമാണ്.
ആപ്പ് നീക്കം ചെയ്യപ്പെടാനുള്ള യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇതുവരെയും BGMI ഗെയിമിനെതിരെ സര്‍ക്കാരോ മറ്റുള്ളവരോ ഗുരുതരമായ ആരോപണങ്ങളൊന്നും ഉന്നയിച്ച് കണ്ടിട്ടില്ല. സര്‍ക്കാരിന്റെ എന്തെങ്കിലും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണോ നടപടിയെന്നും വ്യക്തമല്ല.പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും BGMI അപ്രത്യക്ഷമായെങ്കിലും ഗെയിം നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് തുടര്‍ന്നും കളിക്കാവുന്നതാണ്. എന്നാല്‍ ആ ഗെയിമുകളില്‍ പുതിയ അപ്‌ഡേറ്റ് വന്നിരുന്നുവെന്നും വീണ്ടും ലോഗിന്‍ ചെയ്യേണ്ടി വന്നുവെന്നും ഉപഭോക്താക്കള്‍ പറയുന്നു.