
പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. ഇനി ഇന്നുമുതൽ പബ്ജി ഇന്ത്യയിൽ കളിക്കാൻ കഴിയില്ല. സെപ്റ്റംബർ 2 രാജ്യത്ത് പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് എന്നിവയടക്കമുള്ള ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി പബ്ജി മൊബൈൽ നോർഡിക് മാപ്പ്: ലിവിക്, പബ്ജി മൊബൈൽ ലൈറ്റ് എന്നിവയുടെ ഇന്ത്യയിലെ സേവനങ്ങളും അവയിലേക്കുള്ള പ്രവേശനവും അവസാനിപ്പിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പബ്ജി മൊബൈൽ അറിയിച്ചു.

സ്വകാര്യത നയത്തിൽ പറഞ്ഞതുപോലെ എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങൾ സുതാര്യതയോടെയാണ് കൈകാര്യം ചെയ്തിരുന്നതെന്നും ഇന്ത്യയിൽ പബ്ജി മൊബൈൽ ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും ആത്മാർത്ഥമായി നന്ദി അറിയിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു. പബ്ജി മൊബൈൽ ഇന്ത്യയിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം പബ്ജിയുടെ ബൗദ്ധിക സ്വത്ത് ഉടമയ്ക്ക് തിരികെ നൽകും.