
ചൈനീസ് കമ്പനിയായ ടെൻസെന്റിനെ ഒഴിവാക്കിയതോടെ പബ്ജി മൊബൈൽ ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പബ്ജി ഇന്ത്യയിൽ നിരോധിച്ചത്. എന്നാൽ ഏറ്റവും വലിയ വിപണികളിലൊന്ന് നഷ്ടമാകുമെന്നതിനാൽ പബ്ജിയുടെ നിരോധനം നീക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
പബ്ജി കോർപ്പറേഷനാണ് പബ്ജി യഥാർത്ഥ സൃഷ്ടാക്കൾ. ദക്ഷിണകൊറിയയിൽ വൻ വിജയം നേടിയ ഗെയിം, ടെൻസാന്റ് ഗെയിംസാണ് ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്കെത്തിച്ചത്. ഇനിമുതൽ ടെൻസാന്റ് ഗെയിംസിന് ഇന്ത്യയിലെ പബ്ജി മൊബൈലുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്ന് കൊറിയൻ കമ്പനി അറിയിച്ചു. പബ്ജിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന് സഹായിക്കുന്ന സുപ്രധാന തീരുമാനമാണിത്.

തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പ്ലാറ്റ്ഫോമുകൾ സ്ഥാപിക്കുന്ന കാര്യങ്ങളിൽ കമ്പനിക്കുതന്നെ തീരുമാനമെടുക്കാം. ഇതിനാലാണ് പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ കാര്യങ്ങൾ കൊറിയൻ കമ്പനിയുടെ അധീനതയിലേയ്ക്ക് തന്നെ മാറ്റാൻ നിർദ്ദേശിച്ചിരിക്കുന്നത്. സർക്കാരിന്റെ നയങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ ഇത് ഗെയിമിനെ സഹായിക്കും.
ഇന്ത്യൻ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിക്കുമ്പോൾ ഗെയിമർമാർക്ക് വീണ്ടും ഗെയിമിലേക്ക് ഇറങ്ങുവാൻ സാധിക്കുന്ന രീതിയിൽ ഒരു പരിഹാരം കണ്ടെത്താനും ഇന്ത്യൻ സർക്കാറുമായി കൈകോർത്ത് പ്രവർത്തിക്കുവാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൊറിയൻ കമ്പനി പറഞ്ഞു.
നിരോധനം പ്രഖ്യാപിച്ചതിനെ തുടർന്ന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും മറ്റ് ആ സ്റ്റോറുകളിൽ നിന്നും ഗെയിം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ നേരത്തെ ഇൻസ്റ്റാൾ ചെയ്തവർക്ക് ഇപ്പോഴും ഗെയിം കളിക്കാൻ സാധിക്കുന്നുണ്ട്. വൈകാതെ ഈ സൗകര്യവും നഷ്ടപ്പെട്ടേക്കാം.