
രാജ്യത്തെ ഉപഭോക്തൃ വില സൂചിക യുടെ അടിസ്ഥാന വർഷം കേന്ദ്രസർക്കാർ പരിഷ്കരിക്കുന്നു. വില സൂചികയുടെ അടിസ്ഥാന വർഷം 2001എന്നത് 2016 ആയി മാറ്റും. ഓരോ അഞ്ചുവർഷം കൂടുമ്പോഴും അടിസ്ഥാന വർഷം പരിഷ്കരിക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ 2001നു ശേഷം അത് നടപ്പാക്കിയിട്ടില്ല. ഈ പുതിയ മാറ്റം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വ്യവസായ മേഖലയിലെ തൊഴിലാളികൾക്കും ഗുണം ചെയ്യും.

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ആനുകൂല്യങ്ങളും വ്യവസായ മേഖലയിലെ തൊഴിലാളികളുടെ ശമ്പള നിരക്കും നിശ്ചയിക്കുന്നത് വില സൂചികയുടെ അടിസ്ഥാനത്തിലാണ്. മൂന്നു കോടിയോളം വരുന്ന വ്യവസായ മേഖലയിലെ തൊഴിലാളികൾക്കും 48 ലക്ഷം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കും വില സൂചികയുടെ അടിസ്ഥാന വർഷത്തിൽ മാറ്റം വരുത്തുന്നതോടെ ശമ്പള വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതുക്കിയതു പ്രകാരമുള്ള സെപ്റ്റംബറിലെ സൂചിക അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ് വാർ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, മൊബൈൽ ഫോൺ ചെലവുകൾ എന്നിവയുൾപ്പെടെ 90 മേഖലകളെ കൂടി ഇനി ഉപഭോക്തൃ സൂചിക നിശ്ചയിക്കുന്നതിൽ ഉൾപ്പെടുത്തും. അതുകൊണ്ടുതന്നെ പുതിയ സൂചിക യാഥാർത്ഥ്യവുമായി കൂടുതൽ അടുത്തു നിൽക്കുന്നതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.