
ജനുവരി രണ്ടാം വാരത്തോടെ ടെലിവിഷൻ, റഫ്രിജറേറ്റർ, മറ്റു ഗാർഹിക ഉൽപന്നങ്ങൾ എന്നിവയുടെ വില 10 ശതമാനം വരെ ഉയരും. ചെമ്പ്, ഉരുക്ക്, അലൂമിനിയം തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവും കടൽ, വ്യോമയാനം വഴിയുള്ള ചരക്ക് നീക്കത്തിനുള്ള നിരക്ക് വർധനവുമാണ് ഗൃഹോപകരണങ്ങളുടെ വിലയിലുണ്ടാകുന്ന വിലവർധനവിന് കാരണം. മിക്കവാറും എല്ലാ പ്രമുഖ ബ്രാൻഡുകളും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുമെന്നാണ് സൂചനകൾ.

ജനുവരി ഒന്നു മുതൽ അപ്ലൈൻസസ് വിഭാഗത്തിലെ ഉത്പന്നങ്ങൾക്കെല്ലാം കുറഞ്ഞത് ഏഴ് മുതൽ എട്ട് ശതമാനം വരെ വില വർധനയുണ്ടാകുമെന്നാണ് എൽജി ഇലക്ട്രിക് ഇന്ത്യ പിടിഐയെ അറിയിച്ചത്. അസംസ്കൃത വസ്തുക്കളുടെ വിലയ്ക്ക് പുറമേ ക്രൂഡ് ഓയിൽ വില, പ്ലാസ്റ്റിക് വസ്തുക്കളുടെ വില എന്നിവയും ഗണ്യമായി വർദ്ധിച്ചുവെന്ന്എൽജി ഇലക്ട്രിക് ഇന്ത്യ വക്താവ് പറയുന്നു. ടെലിവിഷൻ നിർമാണത്തെ സംബന്ധിച്ചിടത്തോളം കുറഞ്ഞവിലയ്ക്ക് പാനലുകൾ കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. പാനലുകളുടെ വിലയിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.പ്രത്യേകിച്ച് ചെറിയ സ്ക്രീൻ പാനലുകളുടെ വിലയാണ് ഏറ്റവുമധികം ഉയർന്നിരിക്കുന്നത്.