Tech
Trending

ചൈന വിട്ട് സാംസങ് ഇന്ത്യയിലേക്ക്

കൊറിയൻ കമ്പനിയായ സാംസങ്ങിന്റെ പ്രധാന ഉൽ‌പാദന യൂണിറ്റ് ചൈനയിൽ നിന്ന് ഇന്ത്യയിലെ നോയിഡയിലേക്ക് മാറ്റി. ലോകത്തെ ഏറ്റവും വലിയ ഡിസ്പ്ലെ നിർമാണ യൂണിറ്റുകളിൽ ഒന്നാണ് ഇന്ത്യയിലേക്ക് മാറ്റിയത്. ഇതിനായി സാംസങ് രാജ്യത്ത് 4,825 കോടി രൂപയാണ് നിക്ഷേപിച്ചത്. മൊബൈൽ, മറ്റു സ്മാർട് ഉൽപന്നങ്ങളുടെ ഡിസ്പ്ലേ പ്രൊഡക്ഷൻ യൂണിറ്റാണ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റിയിരിക്കുന്നത്. സാംസങ് ഡിസ്പ്ലെ നോയിഡ പ്രൈവറ്റ് ലിമിറ്റഡിൽ 4,825 കോടി രൂപ നിക്ഷേപം നടത്തുമെന്ന് യുപി സർക്കാരും നേരത്തെ അറിയിച്ചിരുന്നു. ഇതുവഴി രാജ്യത്തെ പതിനായിരക്കണക്കിന് പേർക്കാണ് നേരിട്ടും അല്ലാതെയും ജോലി ലഭിക്കുക.


ഇന്ത്യയിലെ സാംസങ്ങിന്റെ ആദ്യത്തെ ഹൈ-ടെക്നിക് പദ്ധതിയാണിത്. ഈ സൗകര്യമുള്ള ലോകത്തിലെ മൂന്നാമത്തെ യൂണിറ്റായി ഇത് മാറും.യുപി ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് പോളിസി 2017 അനുസരിച്ചാണ് സാംസങ് പ്ലാന്റിന് ഭൂമി കൈമാറ്റം നടത്തിയത്. ഇത് വഴി സാംസങ്ങിന് ഇളവ് ലഭിച്ചു. അഞ്ച് വർഷത്തേക്ക് പദ്ധതിക്കായി സംസ്ഥാന സർക്കാർ 250 കോടി രൂപ ധനസഹായവും നൽകിയിരുന്നു. കൂടാതെ കേന്ദ്ര പദ്ധതി പ്രകാരം 460 കോടി രൂപയുടെ സാമ്പത്തിക പ്രോത്സാഹനവും സാംസങ്ങിനു ലഭിച്ചു.സാംസങ് ഡിസ്പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡിന് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചതിനാലാണ് പ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് കമ്പനി അധികൃതർ അറിയിച്ചു. കമ്പനിക്ക് വേണ്ട എല്ലാ സഹായവും നൽകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു.

Related Articles

Back to top button