
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകള്‍ എത്തിക്കാനായി ബെംഗളൂരു ആസ്ഥാനമായി 2020-ല്‍ ആരംഭിച്ച സ്റ്റാര്‍ട്ട്അപ്പാണ് പ്രവൈഗ് ഡൈനൈമിക്‌സ്. വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയൊരു വാഹനവുമായി എത്തുകയാണ് ഈ കമ്പനി. ഇലക്ട്രിക് എസ്.യു.വിയാണ് പ്രവൈഗ് ഇന്ത്യയില്‍ എത്തിക്കുന്നത്.പ്രവൈഗിന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ ഇലക്ട്രിക് എസ്.യു.വിയുടെ വരവ് അറിയിച്ചിരിക്കുന്നത്. നവംബര്‍ 25-ന് അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന. പുതിയ ഇലക്ട്രിക് എസ്.യു.വിയുടെ ഡിസൈന്‍ ശൈലികള്‍ സൂചിപ്പിക്കുന്ന ടീസറും പ്രവൈഗ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നിര്‍മാതാക്കള്‍ പങ്കുവെച്ചിട്ടുള്ള ടീസര്‍ വീഡിയോ അനുസരിച്ച് ലളിതമായ ഡിസൈനിലാണ് വരാനിരിക്കുന്ന വാഹനം ഒരുങ്ങുന്നത്. മുഖഭാവം പൂര്‍ണമായും വെളിപ്പെടുത്താതെ സൈഡ് പ്രൊഫൈലും പിന്‍വശവുമാണ് ടീസറില്‍ നല്‍കിയിട്ടുള്ളത്. ഡോറുകളില്‍ ഉള്‍പ്പെടെ ഷാര്‍പ്പ് ലൈനുകള്‍ നല്‍കിയാണ് വശങ്ങള്‍ ഒരുങ്ങിയിട്ടുള്ളതെങ്കില്‍ എല്‍.ഇ.ഡി. ലൈറ്റുകളും ഷാര്‍പ്പ് എഡ്ജുകളുമാണ് പിന്‍വശത്തെ അലങ്കരിക്കുന്നത്. രണ്ട് ടെയ്ല്‍ലൈറ്റുകളെയും ബന്ധിപ്പിച്ച് നല്‍കിയിട്ടുള്ള ലൈറ്റ് സ്ട്രിപ്പും സൗന്ദര്യമേകുന്നുണ്ട്.
പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായായിരിക്കും പ്രവൈഗ് ഇലക്ട്രിക് എസ്.യു.വിയുടെ അകത്തളം ഒരുങ്ങുകയെന്നാണ് വിവരം. വയര്‍ലെസ് കണക്ടിവിറ്റി സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പി.എം.2.5 എയര്‍ ഫിള്‍ട്ടറേഷന്‍ സംവിധാനം തുടങ്ങിയവയായിരിക്കും അകത്തളം ആഡംബരമാക്കുന്നത്. സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ഉറപ്പാക്കുന്ന വാഹനങ്ങളായിരിക്കും പ്രവൈഗില്‍ നിന്നെത്തുകയെന്ന് മുമ്പ് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.മെക്കാനിക്കലായുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തില്‍ നല്‍കുമെന്നാണ് വിവരം.