
ന്യൂമോണിയ ബാധയെ തുടർന്ന് ഒരാഴ്ചയായി കോയമ്പത്തൂരിലെ കെ എം സി എച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി( എ.വി.പി) എംഡി, പി ആർ കൃഷ്ണകുമാർ(69) അന്തരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം.
പിതാവിൻറെ മരണത്തോടെ 1994ലാണ് എവിപിയുടെ സാരഥിയായി അദ്ദേഹമെത്തുന്നത്. ആയുർവേദ രംഗത്തെ സമഗ്ര സംഭാവനകണക്കിലെടുത്ത് 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കോയമ്പത്തൂർ ആയുർവേദിക് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി, ആര്യവൈദ്യൽ രാമവാര്യർ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഫോർ ആയുർവേദയുടെ എക്സിക്യൂട്ടീവ് ചെയർമാൻ, കെയർ കേരളയുടെ സി എം ഡി തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്എവിപി യുടെ ഔദ്യോഗിക പദവി ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ അദ്ദേഹം പരമ്പരാഗത രീതിയും ആധുനിക പഠന സംവിധാനവും കോർത്തിണക്കിക്കൊണ്ടുള്ള പാഠ്യപദ്ധതിയുമായി ആയുർവേദ കോളേജ് യാഥാർത്ഥ്യമാക്കി. കോയമ്പത്തൂരിലെ ആനക്കട്ടിയിൽ മങ്കരയിലാണ് ഈ കോളേജ് പ്രവർത്തിച്ചിരുന്നത്. സെൻട്രൽ കൗൺസിൽ ഫോർ ഇന്ത്യൻ മെഡിസിന്റെയും മദ്രാസ് സർവകലാശാലയുടെയും അംഗീകാരത്തോടെ ഗുരുകുലസമ്പ്രദായത്തിൽ നടപ്പാക്കിയ ഏഴര വർഷത്തെ സൗജന്യ ആയുർവേദ പഠന കോഴ്സ് വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായ് മാറി.

ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് എൻറെയും സഹകരണത്തോടെ 1977 ൽ അദ്ദേഹം മുൻകൈയെടുത്തു നടത്തിയ പരമ്പരാഗത ചികിത്സാരീതികളെ കുറിച്ചുള്ള ഗവേഷണം ലോകശ്രദ്ധ നേടിയിരുന്നു. സന്ധിവാതത്തിന് ആയുർവേദ ചികിത്സ എത്രത്തോളം ഫലപ്രദമാണ് എന്നതായിരുന്നു ഗവേഷണ വിഷയം. കൃഷ്ണകുമാർ മുൻകൈയെടുത്ത് 1982ൽ കോയമ്പത്തൂരിലാരംഭിച്ച ഇൻറർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പാലക്കാട്ടെ കഞ്ചിക്കോട്ടും ആലത്തൂരും ആധുനിക സംവിധാനങ്ങളോടെ സ്ഥാപിച്ച ആയുർവേദ മരുന്ന് ഉൽപാദന ഫാക്ടറികളിലൂടെ 450 ഓളം മരുന്നുകൾ ഉൽപാദിപ്പിച്ചു വരുന്നു. എവിപിയുടെ കഞ്ചിക്കോട്ടെ ഔഷധ നിർമാണശാലയുടെ ഭാഗമായുള്ള ബൃഹത്തായ സസ്യോദ്യാനവും അദ്ദേഹം സ്ഥാപിച്ചതാണ്.
കൃഷ്ണകുമാർ വാർത്തെടുത്ത ക്ലിനിക്കൽ വിഭാഗത്തെ കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം രാജ്യത്തെ ഏറ്റവും മികച്ച 8 പ്രസ്ഥാനങ്ങളിലൊന്നായി തിരഞ്ഞെടുത്തു. 2009ൽ പത്മശ്രീ നേടിയ അദ്ദേഹം ഈ ബഹുമതി നേടുന്ന കോയമ്പത്തൂരിലെ പ്രഥമ മലയാളിയാണ്.