Auto
Trending

ഇന്ത്യക്കാരുടെ നെക്‌സോണ്‍; ആറ് വര്‍ഷത്തിലെത്തിയത് അഞ്ച് ലക്ഷം യൂണിറ്റ്

രാജ്യത്തെ ഏറ്റവും അധികം വിൽപനയുള്ള കോംപാക്റ്റ് എസ്‍യുവികളിലൊന്നായ നെക്സോണിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. നിർമാണം അഞ്ചു ലക്ഷം യൂണിറ്റ് എന്ന ചരിത്രമാണ് നെക്സോൺ സ്വന്തമാക്കിയിരിക്കുന്നത്. നെക്സോണിന്റെ യാത്ര ആറു വർഷം പിന്നിടുമ്പോഴാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.ടാറ്റ മോട്ടോഴ്‌സിന്റെ പൂണെയിലെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിന്നാണ് അഞ്ച് ലക്ഷം തികയ്ക്കുന്ന വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം വേരിയന്റുകളില്‍ എത്തുന്ന എസ്.യു.വിയും നെക്‌സോണ്‍ ആയിരിക്കും. വിവിധ വിഭാഗങ്ങളിലായി 65 വേരിയന്റുകളില്‍ ഈ വാഹനം വിപണിയില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ വിപണിയില്‍ എത്തിച്ചിട്ടുള്ള പാസഞ്ചര്‍ വാഹനങ്ങളില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള മോഡലാണ് നെക്‌സോണ്‍ ഇപ്പോള്‍. ഇതിനൊപ്പം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന രണ്ടാമത്തെ എസ്.യു.വി. എന്ന ഖ്യാതിയും ഈ എസ്.യു.വിക്ക് സ്വന്തമാണ്. മാര്‍ച്ച് മാസത്തിലെ വില്‍പ്പന റിപ്പോര്‍ട്ട് അനുസരിച്ച് നെക്‌സോണിന്റെ 14,769 യൂണിറ്റാണ് ഇന്ത്യയില്‍ വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 14,315 യൂണിറ്റായിരുന്നുവെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 2017 സെപ്റ്റംബറിലാണ് ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ ടാറ്റ നെക്സോണ്‍ എത്തുന്നത്. ജനങ്ങള്‍ക്ക് തീര്‍ത്തും അപരിചിതമായിരുന്ന ഈ വാഹനം ഒരു ലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും പത്ത് മാസവുമാണ് എടുത്തത്. രണ്ട് ലക്ഷത്തിലേക്ക് എത്താനും ഏകദേശം ഇതിനോട് അടുത്ത സമയം എടുത്തിരുന്നു. 2022 ഫെബ്രുവരിയിലാണ് മൂന്ന് ലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ടാറ്റ മോട്ടോഴ്‌സ് നടത്തിയത്.പിന്നീട് നിര്‍മാതാക്കളെ പോലും ഞെട്ടിക്കുന്ന വില്‍പ്പനയാണ് നെക്‌സോണിനുണ്ടായത്. കൃത്യം ഏഴ് മാസം പിന്നിട്ടതോടെ വില്‍പ്പന നാല് ലക്ഷത്തിലേക്ക് കുതിക്കുകയായിരുന്നു. 2022 സെപ്റ്റംബറില്‍ ടാറ്റ മോട്ടോഴ്‌സ് നാല് ലക്ഷം വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയ സന്തോഷം ഉപയോക്താക്കളുമായി പങ്കുവയ്ക്കുകയായിരുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ നെക്‌സോണിന്റെ നിര്‍മാണം അഞ്ച് ലക്ഷം എന്ന മാജിക് നമ്പറില്‍ എത്തിയതും ടാറ്റ മോട്ടോഴ്‌സ് ആഘോഷമാക്കുകയാണ്.

Related Articles

Back to top button