
ഒരു ഇടവേളയ്ക്കുശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും ഉയർന്ന് പെട്രോൾ വില എക്കാലത്തെയും ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഇന്നലെ പെട്രോളിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് ഉയർന്നത്. 29 ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നലെ വിലയിൽ വർധനവുണ്ടായത്.

കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറെടുത്തതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില വർധിച്ചതാണ് ആഭ്യന്തര വിപണിയിലെ വില വർധനവിന് കാരണമായത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 5,386 ഡോളർ എന്ന നിലവാരത്തിലെത്തി. വില വർദ്ധിച്ചതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 83.97 രൂപയും ഡീസലിന് 74.12 രൂപയുമായി വില. കോഴിക്കോടാകട്ടെ പെട്രോളിന് 84.42 രൂപയും ഡീസലിന് 78.48 രൂപയും നൽകണം.