
പെട്രോൾ ഡീസൽ വില കുതിച്ചുയർന്ന് 90 രൂപയ്ക്ക് മുകളിലെത്തിയതോടെ ഈ പ്രതിസന്ധിയിൽ നിന്ന് പൊതുജനത്തെ കരകയറ്റാൻ നികുതി കുറച്ച് ഇരിക്കുകയാണ് നാല് സംസ്ഥാനങ്ങൾ. പശ്ചിമബംഗാൾ, അസം,രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയത്.

ഏറ്റവും കൂടുതൽ കുറവ് വരുത്തിയത് മേഘാലയയാണ്. മേഘാലയയിൽ പെട്രോൾ ലിറ്ററിന് 7.40 രൂപയും ഡീസൽ ലിറ്ററിന് 7.10 രൂപയുമാണ് കുറച്ചത്. പശ്ചിമബംഗാളിൽ പെട്രോളിനും ഡീസലിനും ഒരു രൂപയാണ് കുറച്ചത്. അസ്സമിലാകട്ടെ അധിക നികുതിയിനത്തിൽ ഈടാക്കിയിരുന്ന അഞ്ചുരൂപ പിൻവലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതി കുറച്ചത്. മൂല്യവർദ്ധിത നികുതി 38 ശതമാനത്തിൽനിന്ന് 36 ശതമാനമായാണ് കുറവ് വരുത്തിയത്. ഫെബ്രുവരിയിൽ മാത്രം ഏകദേശം പെട്രോളിന് 4.28 രൂപയും ഡീസലിന് 4.49 രൂപയുമാണ് വർധിച്ചത്. അതേസമയം, ഈയിടെ കൂട്ടിയ എക്സൈസ് തീരുവ പിൻവലിക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.