
ഇന്ധന വില കുതിച്ചുയരുമ്പോൾ ജനങ്ങൾക്ക് താൽക്കാലിക ആശ്വാസമേകാൻ പശ്ചിമബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ എന്നീ സംസ്ഥാനങ്ങൾക്കു പിന്നാലെ നാഗാലാൻഡ് സർക്കാരും ഇന്ധന നികുതി കുറച്ചു. ഇതോടെ ഇന്ധന നികുതി കുറയ്ക്കുന്ന അഞ്ചാമത്തെ സംസ്ഥാനമായി നാഗാലാൻഡ് മാറി. രാജസ്ഥാൻ ആയിരുന്നു ആദ്യം നികുതി കുറച്ചത്.

നാഗാലാൻഡിൽ പെട്രോളിന് 4.8 ശതമാനവും ഡീസലിന് ഒരു ശതമാനവുമാണ് നികുതി കുറച്ചത്. അതേസമയം ഇക്കഴിഞ്ഞ രണ്ടുമാസമായി ഇന്ധന വില കുതിച്ചുയർന്നിട്ടും എക്സൈസ് നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ലോകം കാലത്ത് ഇന്ധന വില കുറഞ്ഞു നിന്നപ്പോൾ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും നികുതി കൂട്ടിയിരുന്നു. ഇക്കാലയളവിൽ രാജ്യാന്തരവിപണിയിൽ ഇന്ധനവില 25 ഡോളറിനു താഴെയെത്തിയിരുന്നു. എക്സൈസ് ഡ്യൂട്ടിയിലെ വർദ്ധനവ് കാരണം ഈ വിലക്കുറവില് ആനുകൂല്യം ഉപഭോക്താക്കൾക്ക് കിട്ടിയതുമില്ല. 2018ൽ സമാനരീതിയിൽ ഇന്ധന വില ഉയർന്നപ്പോൾ 1.50 രൂപ എക്സൈസ് നികുതി കുറച്ചതിനുശേഷം പിന്നീട് നികുതി കുറച്ചിട്ടില്ല.