Auto
Trending

400 കി.മീ. റേഞ്ചുമായി ഫോക്‌സ്‌വാഗണ്‍ ഐ.ഡി. ലൈഫ് ഇലക്ട്രിക് വരുന്നു

ഇലക്ട്രിക് കാറുകൾ നിരത്തുകളിൽ സജീവമാക്കുക എന്ന വലിയ ലക്ഷ്യവുമായി ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗണും രംഗത്തെത്തിയിരിക്കുകയാണ്. ന്യായമായ വിലയിൽ ലഭ്യമാകുന്ന ഇലക്ട്രിക് വാഹനം എന്ന പ്രഖ്യാപനവുമായി ഫോക്സ്വാഗണിന്റെ ഐ.ഡി. ലൈഫ് എന്ന ഇലക്ട്രിക് കാർ കൺസെപ്റ്റ് മോഡൽ മ്യൂണിച്ച് ഐ.എ.എ. മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ചു.ചെറു കാറുകളുടെ ശ്രേണിയിലായിരിക്കും ഐ.ഡി. ലൈഫ് ഇലക്ട്രിക് വാഹനം എത്തുകയെന്നാണ് റിപ്പോർട്ട്. 20,000 യൂറോ (17.43 ലക്ഷം രൂപ) ആയിരിക്കും ഈ വാഹനത്തിന്റെ ഏകദേശ വിലയെന്നും സൂചനയുണ്ട്. 2030 ആകുന്നതോടെ ഫോക്സ്വാഗണിന്റെ യൂറോപ്പിലെ വാഹന വിൽപ്പനയുടെ 70 ശതമാനവും നോർത്ത് അമേരിക്ക, ചൈന എന്നിവിടങ്ങളിലെ വിൽപ്പനയുടെ 50 ശതമാനത്തോളവും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ട്.ഫോക്സ്വാഗണിന്റെ എം.ഇ.ബി. എൻട്രി ലെവൽ പ്ലാറ്റ്ഫോമിലാണ് ഇലക്ട്രിക് മോഡലായ ഐ.ഡി. ലൈഫും ഒരുങ്ങിയിട്ടുള്ളത്. നിരവധി ആഡംബര സംവിധാനങ്ങളോടെയാണ് ഈ വാഹനത്തിന്റെ ഇന്റീരിയർ ഒരുങ്ങുന്നത്. വീഡിയോ ഗെയിം കൺസോൾ, സിനിമ ഉൾപ്പെടെയുള്ളവ പ്രദർശിപ്പിക്കാൻ സാധിക്കുന്ന പ്രൊജക്ടർ സ്ക്രീൻ തുടങ്ങിയ സംവിധാനങ്ങൾ അകത്തളത്തിലെ ആഡംബരം വർധിപ്പിക്കും. പുതുമയുള്ള സ്റ്റിയറിങ്ങ് വീലും ഇതിന്റെ മധ്യത്തിൽ സ്ക്രീനും നൽകുന്നത് സാങ്കേതിക തികവ് തെളിയിക്കുന്നതാണ്. സീറ്റുകളും മറ്റും ഏറെ പുതുമയുള്ളതായിരിക്കുമെന്നാണ് സൂചന.ബോക്സി ഡിസൈനിൽ ക്രോസ് ഓവർ മാതൃകയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൊണ്ടാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയർ ഒരുക്കിയിട്ടുള്ളത്. ഇത് ഈ വാഹനത്തെ കൂടുതൽ പ്രകൃത സൗഹാർദമാക്കുന്നതിനൊപ്പം ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്.57 കിലോവാട്ട് അവർ ശേഷിയുള്ള ഹൈ വോൾട്ടേജ് ബാറ്ററിയായിരിക്കും ഐ.ഡി. ലൈഫിൽ നൽകുക. 231 ബി.എച്ച്.പി. പവറായിരിക്കും ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാർജിൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള റേഞ്ച് ഈ വാഹനത്തിൽ നൽകും. കേവലം ഏഴ് സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും.

Related Articles

Back to top button