Big B
Trending

വിലക്കയറ്റം ഉയർന്ന നിലവാരത്തിൽ തുടരുന്നു

തുടര്‍ച്ചയായി ആറാം മാസവും രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നു.അതുകൊണ്ടുതന്നെ അടുത്ത പണവായ്പാ അവലോകന യോഗത്തിലും നിരക്ക് വര്‍ധനയ്ക്ക് സാധ്യതയേറി.ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ജൂണില്‍ 7.01ശതമാനമാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിലെ 7.04ശതമാനവുമായി താരതമ്യംചെയ്യുമ്പോള്‍ കാര്യമായ വ്യത്യാസമില്ല.വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, ഉത്പന്ന വിലകളിലെ വര്‍ധന, റഷ്യ-യുക്രൈന്‍ സംഘര്‍ഷം എന്നിവമൂലമുണ്ടായ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ പോരാട്ടത്തിലാണ്.

ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിയന്ത്രണം, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കല്‍ എന്നിവ ഉള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടും നേരിയതോതില്‍ മാത്രമാണ് നിരക്കില്‍ കുറവുണ്ടായത്.നടപ്പ് കലണ്ടര്‍വര്‍ഷത്തിന്റെ തുടക്കംമുതല്‍ ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം. വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ മെയ്, ജൂൺ മാസങ്ങളിലായി 0.90ശതമാനാണ് റിപ്പോ നിരക്കില്‍ ആര്‍ബിഐ വര്‍ധനവരുത്തിയത്. നിരക്ക് വര്‍ധനവിനെതുടര്‍ന്നുള്ള ബാങ്കുകളുടെ വായ്പാ പലിശ ഉയര്‍ത്തല്‍ തുടരുകയാണ്. വായ്പയെടുത്തവരുടെ ഇഎംഐയിലോ പ്രതിമാസ തവണകളിലോ വര്‍ധനവ് ഉറപ്പായി.അതേസമയം, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളുടെ വില കുറയുന്ന പ്രവണതയുള്ളതിനാല്‍ ജൂലായിലെ പണപ്പെരുപ്പം ഏഴുശതമാനത്തിന് താഴെയാകുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button