
രാജ്യത്തെ ടയർ വ്യവസായ മേഖലയിലും റേഡിയൽ ടയർ സാങ്കേതികവിദ്യയിലും മുൻനിര ബ്രാൻഡ് ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ടയറുകൾ ഓൺലൈനായി വീട്ടിൽ എത്തിക്കാനൊരുങ്ങുന്നു. പ്രമുഖ ഓൺലൈൻ സെയിൽസ് പ്ലാറ്റ്ഫോമായ ആമസോണുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വൻതോതിൽ ആശ്രയിക്കാൻ തുടങ്ങിയതിനു പിന്നാലെയാണ് കമ്പനിയുടെ പുതിയ തീരുമാനം.ആമസോണിൽ ജെകെ ടയറെന്ന് സെർച്ച് ചെയ്താൽ വിവിധ വാഹനങ്ങളുടെ ടയറുകൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജെകെ ടയേഴ്സ് വിപണിയിലെത്തിക്കുന്ന പ്രീമിയം ശ്രേണിയിലുള്ള ടയറുകളാണ് ഇത്തരത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ലഭ്യമാവുക.

ഇപ്പോൾ ആളുകളുടെ വാങ്ങലുകൾ പ്രധാനമായും ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ആശ്രയിച്ചാണ്. ഈ സാഹചര്യത്തിലാണ് ഈ മേഖലയിൽ വിശ്വാസ്യത തെളിയിച്ച ആമസോണുമായി കൈകോർക്കുന്നതെന്ന് ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് സെയിൽ ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ശ്രീനിവാസൻ അല്ലഫൻ പറഞ്ഞു.
ഓട്ടോമെബൈൽ മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജെകെ ടയേഴ്സ് കമ്പനിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഈ കൂട്ടുകെട്ട് ഓട്ടോമൊബൈൽ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും ആമസോൺ ഇന്ത്യ കാറ്റഗറി മാനേജ്മെന്റ് ഡയറക്ടർ ശാലിനി പുച്ചിലാപള്ളി അഭിപ്രായപ്പെട്ടു.