
ഈ സാമ്പത്തിക വർഷം രാജ്യത്തെ ഓൺലൈൻ വിൽപ്പന മൂന്നിരട്ടിയായി ഉയർന്നേക്കുമെന്ന് ഗവേഷണ സ്ഥാപനമായ ഇന്ത്യ റേറ്റിംഗ്സിന്റെ പഠനം. കൊറോണ വൈറസ് ബാധയെത്തുടർന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ പ്രാധാന്യം വന്നതും ആളുകൾ ഓൺലൈൻ വ്യാപാരത്തിലേക്ക് വേഗത്തിൽ മാറുന്നതുമാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ ഈ പരിധിയിലെത്താൻ അഞ്ചുവർഷം വരെ സമയമെടുത്തേക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. അടുത്ത സാമ്പത്തിക വർഷത്തോടെ രാജ്യത്തെ മൊത്തം വിൽപനയുടെ 10 മുതൽ 15 ശതമാനം വരെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാകുമെന്നും പഠനം സൂചിപ്പിക്കുന്നു. നിലവിലിത് 2 മുതൽ 4 ശതമാനം വരെ മാത്രമാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളൊരുക്കാൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തി വരികയാണെന്ന് ഫിച്ച് ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു. ഇതിൻറെ ഭാഗമായി കമ്പനികൾ സ്വന്തം വെബ്സൈറ്റുകളും ആപ്പുകളും തയ്യാറാക്കുകയാണ്. കൂടാതെ ഓൺലൈൻ വിൽപന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഓൺലൈനായി പുതിയ ബ്രാൻഡുകൾ പോലും അവതരിപ്പിക്കുന്നുണ്ട്.