Tech
Trending

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ പേരിൽ വൻ തട്ടിപ്പുകൾ

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വഴി വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നതായി പോലീസ് മുന്നറിയിപ്പ്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് ഏതെങ്കിലും സാധനം വാങ്ങിയാൽ തൊട്ടടുത്ത ദിവസം നറുക്കെടുപ്പിൽ വിജയിയാണെന്നറിയിച്ചു ഉപഭോക്താക്കളെ ഫോൺ വിളിക്കും. മുൻപ് ഫോൺകോളുകൾ എത്തിയിരുന്നത് ഇംഗ്ലീഷിലായിരുന്നു. എന്നാൽ ഇപ്പോൾ മലയാളികളാണ് വിളിക്കുന്നത്.


ഓൺലൈനായി ഓർഡർ ചെയ്ത സാധനം ഡെലിവറി ചെയ്യുന്നതോടെയാണ് ഇത്തരം തട്ടിപ്പുകാരുടെ ഫോൺവിളികൾ എത്തുക. ആദ്യത്തെ കോൾ എത്തുക ഓൺലൈൻ ചെയ്ത സാധനം ഡെലിവറിയായല്ലോ, ഇതിന് പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ എന്ന് തിരക്കാണ്. തുടർന്ന് അടുത്ത ദിവസം വീണ്ടും ഫോൺ കോൾ എത്തും. ഓൺലൈനായി സാധനങ്ങൾ വാങ്ങിയവർക്കായി നടത്തിയ നറുക്കെടുപ്പിൽ മെഗാ ബംബർ സമ്മാനം ലഭിച്ചുവെന്ന് അറിയിക്കാനായിരിക്കും ഈ കോൾ എത്തുക. ഫെസ്റ്റിവൽ സീസണുകളിൽ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെല്ലാം തന്നെ സമ്മാനങ്ങൾ നൽകുന്നതിനാൽ ഭൂരിഭാഗം ഉപഭോക്താക്കളും ഈ കോളുകളിൽ വീഴും. സമ്മാനമായി കാർ ലഭിച്ചിട്ടുണ്ടെന്നാണ് അറിയിക്കുക. കാർ വേണ്ടെങ്കിൽ പകരം പണം നൽകാമെന്നും പറയും. ഉപഭോക്താവ് പണമാണ് ആവശ്യപ്പെടുന്നതെങ്കിൽ ഇതിൻറെ ടാക്സ് ഇനത്തിൽ അവർക്ക് പണം നൽകണം. പകരം കാർ മതിയെന്നുപറഞ്ഞാൽ കാർ ഡെലിവറി ചെയ്യുന്നത് ഡൽഹിയിലോ മറ്റേതെങ്കിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലോ ആണെന്ന് അറിയിക്കും. ഇവ കേരളത്തിൽ ഡെലിവറി ചെയ്തു നൽകാം, പക്ഷേ ഇതിന് പ്രത്യേക ഫീസ് നൽകണമെന്നും പറയും. ശേഷം ഫീസ്, ടാക്സ്, ഇൻഷുറൻസ് എന്നെല്ലാം പറഞ്ഞ് പണം തട്ടും.

Related Articles

Back to top button