
ഡിജിറ്റൽ, മൊബൈൽ ആപ്ലിക്കേഷൻ സംവിധാനങ്ങളിലൂടെയുള്ള വായ്പകൾ നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപടികളാരംഭിച്ചു. വളരെ പെട്ടെന്ന് തന്നെ വായ്പകൾ നൽകുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകൾ നടത്തുന്നതിനെക്കുറിച്ച് റിസർവ് ബാങ്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഓൺലൈൻ വായ്പകളെ കുറിച്ച് പഠിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചതായി റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നു.

ഡിജിറ്റൽ വായ്പകളുടെ രീതിയെക്കുറിച്ച് കൃത്യമായി പഠിക്കുക, ഈ അനിയന്ത്രിത സംവിധാനങ്ങൾ മൂലമുള്ള വെല്ലുവിളികൾ കണ്ടെത്തുക, ആവശ്യമായ നിയന്ത്രണങ്ങൾ നിർദേശിക്കുക തുടങ്ങിയവയാണ് സമിതി ചെയ്യേണ്ടത്. ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ജയന്ത് കുമാർ ഡാഷ് അധ്യക്ഷനായ ഈ സമിതിയിൽ ബാങ്കിൻറെ ചീഫ് ജനറൽ മാനേജർമാരായ അജയ് കുമാർ ചൗധരി, മനോരഞ്ജൻ മിശ്ര, പി.വാസുദേവൻ, മൊണെക്സോ ഫിൻടെക് സഹസ്ഥാപകൻ വിക്രം മേത്ത സൈബർ സുരക്ഷാ വിദഗ്ധൻ രാഹുൽ ശശി എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്. മൂന്നു മാസത്തിനകം ഈ സമിതി റിപ്പോർട്ട് സമർപ്പിക്കണം. ഇത്തരത്തിലുള്ള വ്യാജ ഇടപാടുകാർക്ക് വ്യക്തിഗതവിവരങ്ങൾ കൈമാറരുതെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.