
അടുത്ത മൂന്നു വര്‍ഷത്തേക്ക് വണ്‍പ്ലസ് കമ്പനിയുടെ സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ വികസിപ്പിക്കുക സ്വീഡനില്‍ നിന്നുള്ള സുപ്രശസ്ത ക്യാമറാ നിര്‍മാതാവ് ഹസല്‍ബ്ലാഡുമായി സഹകരിച്ചായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.സോഫ്റ്റ്‌വെയറിലുള്ള മാറ്റങ്ങള്‍ വരുത്തല്‍, കളര്‍ ട്യൂണിങ്, സെന്‍സര്‍ ക്യാലിബറേഷന്‍ തുടങ്ങിയ മേഖലകളിലായിരിക്കും ഹസല്‍ബ്ലാഡ് വണ്‍പ്ലസിനെ സഹായിക്കുന്നത്.

ഈ മാസം 23ന് അവതരിപ്പിക്കാനിരിക്കുന്ന വണ്‍പ്ലസ് 9 സീരീസിലെ ക്യാമറകളാണ് ഇരുകമ്പനികളും സഹകരിച്ച് വികസിപ്പിച്ചെടുത്ത ആദ്യ സ്മാര്‍ട് ഫോണ്‍ ക്യാമറാ സിസ്റ്റം. വണ്‍പ്ലസിന്റെ ഫ്‌ളാഗ്ഷിപ് ഫോണുകളില്‍ മാത്രമായിരിക്കും ഈ സഹകരണം.ഈ വര്‍ഷത്തെ വണ്‍പ്ലസ് ക്യാമറകളില്‍ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങളിലൊന്ന് അവ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുടെ നിറങ്ങള്‍ കൂടുതല്‍ സ്വാഭാവികത ആര്‍ജിച്ചേക്കുമെന്നതാണ്.നാച്വറല്‍ കളര്‍ ക്യാലിബറേഷനാണ് ഇരു കമ്പനികളും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു മേഖല. ക്യാമറാ നിര്‍മാണത്തിലെ ഏറ്റവും തറവാടിത്തമുള്ള പേരുകളിലൊന്നാണ് ഹസല്‍ബ്ലാഡ്. പ്രധാനമായും മീഡിയം ഫോര്‍മാറ്റ് ക്യാമറകളാണ് അവരുടെ പ്രതാപം അറിയിച്ച് എത്തിയിരിക്കുന്നത്.