Tech
Trending

മെറ്റാവേഴ്‌സില്‍ വിവാഹം നടത്തി തമിഴ് ദമ്പതികള്‍

മെറ്റാവേഴ്സ് സാങ്കേതിക വിദ്യകൾ പരിണാമത്തിന്റെ ആദ്യഘട്ടത്തിലാണെങ്കിലും മെറ്റാവേഴ്സിന്റെ സാധ്യതകൾ ഇതിനകം പല മേഖലകളിൽ പരീക്ഷിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ മെറ്റാവേഴ്സിൽ വെച്ച് ഒരു വിവാഹ ചടങ്ങ് നടത്തിയിരിക്കുകയാണ് തമിഴ് ദമ്പതികളായ ദിനേഷ് എസ്പിയും ജനകനന്ദിനി രാമസ്വാമിയും. ഇവരുടെ വിവാഹം ഫെബ്രുവരി ആറിന് തമിഴ്നാട്ടിലെ ചെറുഗ്രാമമായ ശിവലിംഗപുരത്ത് വെച്ചാണ് നടന്നത്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിർച്വൽ ലോകത്ത് വെച്ച് വിവാഹത്തിൽ പങ്കെടുക്കാനായി.കോവിഡ് നിയന്ത്രണങ്ങളുടെ ഫലമായി വിവാഹച്ചടങ്ങുകൾക്ക് ആളുകളുടെ എണ്ണം പരിമിതപ്പെടുത്താൻ നിർബന്ധിതനായതോടെയാണ് നാട്ടിൽവെച്ച് കുറച്ചുപേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താനും റിസപ്ഷൻ വിർച്വലായി മെറ്റാവേഴ്സിൽ വെച്ച് നടത്താനും തീരുമാനിച്ചത് എന്ന് ദിനേശ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ബ്ലോക്ക്ചെയ്ൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നയാളാണ് ദിനേശ്.വിർച്വൽ റിയാലിറ്റി, ബ്ലോക്ക് ചെയ്ൻ സാങ്കേതിക വിദ്യകളുടെയെല്ലാം സഹായത്തോടെ സൃഷ്ടിച്ചെടുക്കുന്ന ത്രിഡി ലോകമാണ് മെറ്റാവേഴ്സ്. അനുബന്ധ ഉപകരണങ്ങളുടെ സഹായത്തോടെ മെറ്റാവേഴ്സിൽ പ്രവേശിക്കുന്നവർക്ക് മറ്റുള്ളവരെ കാണാനും പരസ്പരം സംസാരിക്കാനും സാധിക്കും. എല്ലാവർക്കും സ്വന്തമായി അവതാറുകളും ഉണ്ടാവും.മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ടാർഡി വേഴ്സ് എന്ന സ്റ്റാർട്ട് അപ്പ് ആണ് റിസപ്ഷൻ നടത്തുന്നതിനുള്ള മെറ്റാവേഴ്സ് നിർമിച്ചെടുത്തത്. അതിഥികൾക്കും വധുവിനും വരനും വേണ്ടിയുള്ള അവതാറുകളും നിർമിച്ചു. വധുവിന്റെ മരിച്ചുപോയ പിതാവിന്റെ അവതാറും നിർമിച്ചിരുന്നു.മെറ്റാവേഴ്സിൽ നടന്ന ഈ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. പരിപാടിയോടനുബന്ധിച്ച് ചെന്നൈയിൽനിന്നു ഒരു സംഗീത പരിപാടിയും മെറ്റാവേഴ്സിൽ നടത്തി.വിവാഹത്തിന് വേണ്ടി പ്രത്യേക എൻഎഫ്ടി യും (നോൺ ഫൺജിപിൾ ടോക്കൻ) പുറത്തിറക്കിയിരുന്നു. ഗാർഡിയൻ ലിങ്ക് പുറത്തിറക്കിയ സ്പെഷ്യൽ എഡിഷൻ എൻഎഫ്ടികൾ ബിയോണ്ട് ലൈഫ്.ക്ലബ് മാർക്കറ്റ് പ്ലേസ് വഴി ലഭ്യമാണ്.ഐഐടി മദ്രാസിലെ പ്രൊജക്ട് അസിസ്റ്റന്റ് ആണ് ദിനേശ്. ക്രിപ്റ്റോ കറൻസി, ബ്ലോക്ക് ചെയ്ൻ സാങ്കേതിക വിദ്യ എന്നിവയിൽ പ്രവർത്തിക്കുന്ന ദിനേശ് കഴിഞ്ഞ ഒരു വർഷമായി ക്രിപ്റ്റോകറൻസിയായ എഥീറിയം മൈനിങിലാണ്.

Related Articles

Back to top button