
രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്സി ആപ്പായ ഓല ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി തമിഴ്നാട്ടിലെ ഹൊസൂരിൽ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ പ്ലാൻറ് സ്ഥാപിക്കും. ഇതിനായി കമ്പനി 2,400 കോടി രൂപയുടെ നിക്ഷേപം നടത്തും.

രാജ്യത്തെ തന്നെ ഏറ്റവും വലിയ അലക്സ് സ്കൂട്ടർ നിർമാണ പ്ലാൻറായിരിക്കും കമ്പനി തമിഴ്നാട്ടിൽ സ്ഥാപിക്കുക. ഇന്ത്യയെ ലോകത്തെ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണമേഖലയിലെ ഹബ്ബാക്കി മാറ്റുക എന്നതാണ് സോഫ്റ്റ് ബാങ്കിൻറെ ഉപകമ്പനിയായ ഓലയുടെ ലക്ഷ്യം. പ്ലാൻറ് സ്ഥാപിക്കുന്നതിന് തമിഴ്നാട് സർക്കാറുമായി കരാറിലെത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ മാസത്തിനകം ആദ്യ സ്കൂട്ടർ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്ലാൻറ് പ്രവർത്തനമാരംഭിക്കുന്നതോടെ പതിനായിരത്തോളം പേർക്കാക്കും ജോലി ലഭിക്കുക. ഡച്ച് സ്റ്റാർട്ടപ്പായ ഇറ്റാർഗോ ബി.വിയെ സ്വന്തമാക്കി ആറുമാസത്തിനകമാണ് കമ്പനിയുടെ ഈ പുതിയ നീക്കം. പ്രതിവർഷം 20 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. യൂറോപ്പ്, ഏഷ്യ, ലാറ്റിൻ അമേരിക്ക ഉൾപ്പെടെയുള്ള വിപണികളിലേക്കും കയറ്റുമതി ചെയ്യാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.