
ഇന്ത്യക്ക് അസംസ്കൃത എണ്ണനൽകുന്ന രാജ്യങ്ങളിൽ അമേരിക്ക രണ്ടാം സ്ഥാനത്ത്.ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരമാണിത്. സൗദി അറേബ്യയെ പിന്തള്ളിയാണ് അമേരിക്ക രണ്ടാം സ്ഥാനത്തെത്തിയത്.2006 ജനുവരിക്കുശേഷം ആദ്യമായാണ് സൗദി രണ്ടാം സ്ഥാനത്തുനിന്നും പിന്തള്ളപ്പെടുന്നത്.ഏറെക്കാലമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൗദി അറേബ്യ ഇപ്പോൾ നാലാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.

ഫെബ്രുവരിയിൽ അമേരിക്കയിൽനിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൽ 48 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.ഇതോടെ പ്രതിദിനം ശരാശരി ഇറക്കുമതി 5,45, 300 ബാരലിലെത്തി. ഒപെക് രാജ്യങ്ങൾ എണ്ണവിതരണം കുറച്ചതും യു.എസ്. ക്രൂഡിന്റെ വിലക്കുറവുമാണ് ഇന്ത്യൻ കമ്പനികളെ അമേരിക്കൻ വിപണിയിലേക്ക് ആകർഷിക്കുന്നത്. സൗദിയിൽനിന്നുള്ള ഇറക്കുമതിയിൽ 42 ശതമാനത്തിന്റെ കുറവുണ്ടായി. പ്രതിദിനം 4,45,200 ബാരൽ ആണ് സൗദിയിൽനിന്നുള്ള ശരാശരി ഇറക്കുമതി. പത്തുവർഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്. ഫെബ്രുവരിയിൽ 23 ശതമാനം കുറവുണ്ടായെങ്കിലും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ ഇറാഖ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ദിവസം ശരാശരി 8,67,500 ബാരൽ ആണ് ഇറാഖിൽനിന്നുള്ള ഇറക്കുമതി.ആഗോള വിപണിയിൽ എണ്ണവില ഉയർത്താൻ ലക്ഷ്യമിട്ട് ഒപെക് രാജ്യങ്ങൾ എണ്ണയുത്പാദനം വെട്ടിക്കുറച്ചിരുന്നു. സൗദി അറേബ്യ ഉത്പാദനത്തിൽ ദിവസം പത്തുലക്ഷം ബാരലിന്റെ കുറവു വരുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളർ വരെയായി ഉയർന്നു.