
ഭവനനിർമാണ മേഖലയിൽ പുത്തൻ മാറ്റം കൊണ്ടു വന്നിരിക്കുകയാണ് എൻ ആർ ടി കൺസ്ട്രക്ഷൻസ്. ത്രീഡി പ്രിൻറിംഗ് സാങ്കേതികവിദ്യയിൽ വിജയകരമായി ബഹുനില കെട്ടിടം നിർമ്മിച്ചിരിക്കുകയാണ് കമ്പനി. നിർമ്മാണ പ്രവർത്തനങ്ങളുടെ ചെലവ് കുറയ്ക്കാനും വേഗവും ഗുണമേന്മയും വർധിപ്പിക്കാനും ഇത് സഹായിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഒരു ഇരുനില കെട്ടിടമാണ് കമ്പനി നിർമ്മിച്ചത്. 700 ചതുരശ്ര അടിയുള്ള ഒരു ഇരുനില കെട്ടിടമാണിത്. 2022ഓടെ എല്ലാവർക്കും വീടെന്ന സ്വപ്ന പദ്ധതിക്ക് ത്രീഡി പ്രിൻറിംഗ് സാങ്കേതികവിദ്യ ഏറെ ഗുണം ചെയ്യും എന്ന കമ്പനി അഭിപ്രായപ്പെടുന്നു. ത്രീഡി കോൺക്രീറ്റ് പ്രിൻറിംഗ് സാങ്കേതികവിദ്യയിൽ കമ്പനിക്കുള്ള വൈദഗ്ധ്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ബഹുനില കെട്ടിടമാണിതെന്നും കമ്പനി ഡയറക്ടർ എംവി സതീഷ് പറഞ്ഞു. വലിയ നിർമ്മാണ സൈറ്റുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകും.