Tech
Trending

ആന്‍ഡ്രോയിഡില്‍ വിപ്ലവം കുറിക്കാൻ പുതിയ നതിങ് ഫോണ്‍ (1) വരുന്നു

വണ്‍പ്ലസിന്റെ സഹസ്ഥാപകനായ കാള്‍ പെയ് തുടക്കമിട്ട ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്ക് സ്റ്റാര്‍ട്ട് അപ്പ് ‘നതിങ്’ തങ്ങളുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന അവതരണ പരിപാടിയിലാണ് കമ്പനി ‘നതിങ് ഫോണ്‍ (1)’ ഫോണ്‍ എന്ന് പ്രഖ്യാപിച്ചത്. ഫോണ്‍ പുറത്തിറക്കുന്ന തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.വിലകൂടിയ പ്രീമിയം ഫോണുകളായിരിക്കും കുറച്ച് കാലത്തേക്കെങ്കിലും നതിങ് പുറത്തിറക്കുക.സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതിയ കണ്ടുപിടുത്തങ്ങളുടെ കുറവുണ്ട്. ഈ രംഗത്തെ ഏകസ്വരം ഇല്ലാതാക്കണം. പുതിയ ഫോണ്‍ പുതിയ സാങ്കേതിക വിദ്യകളില്‍ മാത്രമല്ല, പ്രവര്‍ത്തനക്ഷമത, യൂസര്‍ ഇന്റര്‍ഫെയ്‌സ്, ശബ്ദം ഉള്‍പ്പടെ നിരവധി കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുമെന്നും കാള്‍ പെയ് പറഞ്ഞു.ആന്‍ഡ്രോയിഡ് അധിഷ്ഠിത നതിങ് ഓഎസ് ആയിരിക്കും ഫോണിലുണ്ടാവുക. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 12 പതിപ്പായിരിക്കും ഇതില്‍. ശുദ്ധമായ ആന്‍ഡ്രോയിഡ് അനുഭവം നതിങ് ഓഎസില്‍ ലഭ്യമാവുമെന്നും കമ്പനി പറയുന്നു.ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് നതിങ് ഫോണ്‍ 1 ന് വേണ്ടി ഉപയോഗിക്കുക. എങ്കിലും ക്വാല്‍കോമിന്റെ ഏതെങ്കിലും ചിപ്പ് സെറ്റിന്റെ പേര് കമ്പനി പരാമര്‍ശിച്ചിട്ടില്ല. ഈ വര്‍ഷം തന്നെ ഫോണ്‍ പുറത്തിറക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ നിലവില്‍ ക്വാല്‍കോമിന്റെ ഏറ്റവും ശക്തിയേറിയ പ്രൊസസര്‍ ചിപ്പായ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 ആയിരിക്കും ഉപയോഗിക്കുക.വണ്‍പ്ലസിന്റെ സഹസ്ഥാപകന്റെ സംരംഭം ആയതുകൊണ്ടു തന്നെ, ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വണ്‍പ്ലസിനെ ലക്ഷ്യമിട്ടാണ് നതിങ് എത്തുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആപ്പിളിനെയാണ് ലക്ഷ്യമിടുന്നത് എന്ന് കാള്‍ പേയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിളിന് പകരം വെക്കാവുന്ന ഏറ്റവും മികച്ച മറ്റൊന്ന് അവതരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.ആപ്പിള്‍ മാത്രമാണ് ഉല്‍പന്നങ്ങളെ പരസ്പര ബന്ധിതമായി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിരുന്നുള്ളൂ. മാക്ക് ബുക്ക്, ഐഫോണ്‍, എയര്‍പോഡ് എന്നിവയിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജോലി ചെയ്യാന്‍ സാധിക്കും. എന്നാല്‍ അധികം വൈകാതെ തന്നെ ഈ വ്യവസ്ഥ വിന്‍ഡോസ് പിസിയിലേക്കും ആന്‍ഡ്രോയിഡ് ഫോണിലേക്കും മാറുമെന്നും പേയ് പറഞ്ഞു.

Related Articles

Back to top button