
നത്തിങ് ഇയര്‍ 2 ഇയര്‍ബഡ്‌സ് ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നത്തിങ് ഇയര്‍ 1ന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 9999 രൂപയ്ക്കാണ് നത്തിങ് ഇയര്‍ 2 ഇന്ത്യന്‍ വിപണിയിലെത്തുക. ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മറ്റ് ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലും ഇത് വില്‍പനയ്‌ക്കെത്തും. ഹൈ-റെസ് ഓഡിയോ സര്‍ട്ടിഫിക്കേഷനും എല്‍എച്ച്ഡിസി 5.0 ടെക്‌നോളജിയുമായാണ് നത്തിങ് ഇയര്‍ (2) എത്തിയിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച ശബ്ദാനുഭവം ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം പേഴ്‌സണല്‍ സൗണ്ട് പ്രൊഫൈല്‍ നിര്‍മിക്കാനും നത്തിങ് സൗകര്യമൊരുക്കുന്നുണ്ട്. നത്തിങ് എക്‌സ് ആപ്പ് ഉപയോഗിച്ച് കേള്‍വി പരിശോധിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ നത്തിങ് ഇയര്‍ (2) ന്റെ ഇക്വലൈസര്‍ ക്രമീകരിക്കപ്പെടും. ഇത് ഓരോരുത്തര്‍ക്കും മെച്ചപ്പെട്ട ശബ്ദാനുഭവം നല്‍കും.ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ സംവിധാനവും ഇതിലുണ്ട്. കമ്പനിയുടെ ഏറ്റവും മികച്ച നോയ്‌സ് കാന്‍സലേഷന്‍ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. പശ്ചാത്തല ശബ്ദത്തിനനുസരിച്ച് നോയ്‌സ് റിഡക്ഷന്‍ ലെവല്‍ ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്ന അഡാപ്റ്റീവ് മോഡും ഇതിലുണ്ട്. 11.6 എംഎം ഡൈനാമിക് ഡ്രൈവറാണ് ഇതിലുള്ളത്. ഡ്യുവല്‍ കണക്ഷന്‍ സൗകര്യമുള്ളതിനാല്‍ ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേ സമയം ഇയര്‍ (2) കണക്റ്റ് ചെയ്യാം.