
പ്രൗഢിയാര്‍ന്ന പ്രൊഫഷണല്‍ മിറര്‍ലെസ് ക്യാമറാ ബോഡി നിര്‍മിച്ചുവരികയാണെന്ന് നിക്കോണ്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന്റെ പേര് സെഡ്9 എന്നായിരിക്കുമെന്നും കമ്പനി അറിയിച്ചു.പുതിയതായി വികസിപ്പിച്ചെടുത്ത സീമോസ് സെന്‍സര്‍ കേന്ദ്രീകരിച്ചായിരിക്കും ക്യാമറ എന്നാണ് നിക്കോണ്‍ അറിയിച്ചിരിക്കുന്നത്. നിലവിലെ ഏറ്റവും മികച്ച നിക്കോണ്‍ മിറര്‍ലെസ് ക്യാമറാ ബോഡികളായ സെഡ്6, സെഡ്7 മോഡലുകളെ അപേക്ഷിച്ച് സെഡ്9ന് വെര്‍ട്ടിക്കല്‍ ഗ്രിപ്പും കാണാം. ക്യാമറയെപ്പറ്റി കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

നിലവിലെ ഏറ്റവും മികച്ച ഫുള്‍ ഫ്രെയിം ക്യാമറകളിലൊന്നാണ് സോണിയുടെ ആല്‍ഫാ 1 എന്ന 50 എംപി ക്യാമറ. ഏറ്റവും ആധുനിക ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആല്‍ഫാ 1ന്റെ ബോഡിക്കു മാത്രം ഇന്ത്യയിലെ വില 5,59,990 രൂപയാണ്. പുതിയ നിക്കോണ്‍ ക്യാമറയ്ക്കും സമാനമായ വില പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്. നിക്കോണ്‍ ഡി6 പ്രൊഫഷണല്‍ ക്യാമറയെ പോലെ കരുത്തന് ബോഡിയായിരിക്കും പുതിയ സെഡ്9 നെന്നും കരുതുന്നു. സോണി ആല്‍ഫാ 1 ക്യാമറയ്ക്ക് സാധിക്കുന്നതു പോലെ തന്നെ പുതിയ ക്യാമറയ്ക്കും 8കെ വിഡിയോ സെക്കന്‍ഡില്‍ 30 ഫ്രെയിം വരെയും, 10-ബിറ്റ് 4:2:0 ബിറ്റ് ഡെപ്തിലും പകര്ത്താനായേക്കുമെന്നാണ് കരുതുന്നത്. സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ സ്റ്റില്‍ ചിത്രങ്ങളും പകര്‍ത്താം. ഇത്തരം മികച്ച ഫീച്ചറുകള്‍ ഒരുക്കിയായിരിക്കാം ക്യാമറ പുറത്തിറക്കുക.