
പൊതുമേഖലാസ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡിന്റെ ( ഇഇഎസ്എൽ) വാഹന ശ്രേണിയിലേക്ക് പൂർണമായും ഇലക്ട്രിക് വാഹനങ്ങൾ വിന്യസിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ മുന്നോടിയായി ടാറ്റയുടെ ഇലക്ട്രിക് എസ്യുവിയായ നെക്സോൺ ഇവിയുടെ 150 യൂണിറ്റുകൾ ബുക്ക് ചെയ്തതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെത്തുന്ന ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് എസ്യുവിയാണ് നെക്സോൺ ഇവി. 13.99 ലക്ഷം രൂപ മുതൽ 15.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. ഒറ്റത്തവണ ചാർജിലൂടെ 312 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള വാഹനമാണ് നെക്സോൺ ഇവി.

ടാറ്റ വികസിപ്പിച്ചെടുത്ത സിപിട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഈ വാഹനം തയ്യാറാക്കിയിരിക്കുന്നത്. 129 ബിഎച്ച്പി പവറും 254 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഐപി67 സർട്ടിഫൈഡ് ലിഥിയം അയേൺ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഒമ്പതു മണിക്കൂറാണ് ബാറ്ററി പൂർണമായും ചാർജാവാനെടുക്കുന്ന സമയം.
15 ആംപിയർ പ്ലഗിലും വാഹനം ചാർജ് ചെയ്യാൻ സാധിക്കും. ഇതിലെ ലിക്വിഡ് കൂൾ ലിഥിയം അയേൺ ബാറ്ററിക്കും ഇലക്ട്രിക് മോട്ടോറിനും എട്ടു വർഷത്തെ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്.