Auto
Trending

4×4 കരുത്തുമായി ലെജന്‍ഡര്‍ എത്തി

ഇന്ത്യൻ നിരത്തുകളിൽ ടൊയോട്ടയ്ക്ക് തലയെടുപ്പ് കൊണ്ട് ആരാധകരെ സൃഷ്ടിച്ചിട്ടുള്ള വാഹനമാണ് ടൊയോട്ടയുടെ ഇന്ത്യയിലെ ഫ്ളാഗ്ഷിപ്പ് മോഡലായ ഫോർച്യൂണർ. ഈ വാഹനത്തിന്റെ കഴിഞ്ഞ മുഖംമിനുക്കലിൽ എത്തിയ ലെജൻഡർ പതിപ്പിന്റെ 4×4 മോഡലും എത്തിച്ചിരിക്കുകയാണ് ടൊയോട്ട.കഴിഞ്ഞ ജനുവരിയിലാണ് ഫോർച്യൂണർ ലെജൻഡർ എന്ന മോഡൽ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ, 4×2 വേരിയന്റായാണ് ഈ വാഹനം എത്തിയിരുന്നത്. ഫോർച്യൂണറിന്റെ കാര്യക്ഷമത ഊട്ടിയുറപ്പിക്കുന്നതിനായാണ് 4×4 പതിപ്പ് എത്തിച്ചിരിക്കുന്നത്. ഓഫ് റോഡ് പെർഫോമെൻസ് ഇഷ്ടപ്പെടുന്നതിനൊപ്പം ആഡംബരവും ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്കായി പവർ ഇൻ സ്റ്റൈൽ ആയാണ് ലെജൻഡർ എത്തിയിട്ടുള്ളതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.ഫോർച്യൂണർ ലെജൻഡർ 4×4 മോഡലിന് 42.33 ലക്ഷം രൂപയാണ് എക്സ്ഷോറും വിലയെന്നാണ് ടൊയോട്ട പ്രഖ്യാപിച്ചിട്ടുള്ളത്.ലുക്കിൽ റെഗുലർ ലെജൻഡറിന് സമാനമാണെങ്കിലും ഡിസൈനിൽ ഏതാനും പുതുമകൾ വരുത്തിയിട്ടുണ്ട്. രൂപമാറ്റം വരുത്തിയ ബംമ്പർ, ബ്ലാക്ക് ആക്സെന്റുകൾ നൽകിയുള്ള ഗ്രില്ല്, എൽ.ഇ.ഡി. സ്പ്ലിറ്റ് ഹെഡ്ലാമ്പ്, വാട്ടൾഫാൾസ് ഡിസൈനിലുള്ള എൽ.ഇ.ഡി. ഡി.ആർ.എൽ, 18 ഇഞ്ച് വലിപ്പമുള്ള മെഷിൻ കട്ട് അലോയി വീലുകൾ, ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്യുവൽ ടോൺ പെയിന്റ് സ്കീം തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിന് പുതുമ നൽകുന്നത്.ബ്ലാക്ക്-മെറൂൺ ഇരട്ട നിറങ്ങളിലായാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. സ്റ്റിയറിങ്ങ് വീൽ, കൺസോൾ ബോക്സ് തുടങ്ങിയവയിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങാണ് നൽകിയിട്ടുള്ളത്. വാഹനത്തിനുള്ളിൽ നൽകിയിട്ടുള്ള ആംബിയന്റ് ലൈറ്റിങ്ങ് അകത്തളത്തിന് പ്രീമിയം ഭാവം പകരുന്നു. പിൻനിര യാത്രക്കാർക്കായി യു.എസ്.ബി. പോർട്ടും നൽകിയിട്ടുണ്ട്. വയർലെസ് ചാർജർ സംവിധാനത്തിനൊപ്പം റെഗുലർ മോഡലുകളിലെ മറ്റ് ഫീച്ചറുകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.മെക്കാനിക്കലായി മാറ്റം വരുത്താതെയാണ് ലെജൻഡർ 4×4 ആയിരിക്കുന്നത്. മറ്റ് പതിപ്പുകൾക്ക് കരുത്തേകുന്ന 2.8 ലിറ്റർ ഡീസൽ എൻജിനാണ് ഈ വാഹനത്തിലും പ്രവർത്തിക്കുന്നത്. ഇത് 204 ബി.എച്ച്.പി. പവറും 500 എൻ.എം. ടോർക്കുമേകും. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ ഒരുക്കുന്നത്.

Related Articles

Back to top button