Auto
Trending

യെസ്ഡിയുടെ പ്രതാപം വീണ്ടെടുക്കാന്‍ ജാവ നിര്‍മാതാക്കള്‍

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു യെസ്ഡി ബൈക്കുകൾ അതേ പ്രൗഢിയോടെ ഇന്ത്യൻ നിരത്തുകളിലേക്ക് മടങ്ങിയെത്താനൊരുങ്ങുകയാണ്. ജാവ ബൈക്കുകൾക്ക് ഇന്ത്യൻ നിരത്തുകളിൽ തിരിച്ചുവരവ് സമ്മാനിച്ച മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് എന്ന കമ്പനിയാണ് യെസ്ഡിക്കും മടങ്ങി വരവ് ഒരുക്കുന്നത്. തിരിച്ച് വരവിന്റെ സൂചന നൽകി യെസ്ഡിയുടെ ടീസർ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.വരവിനുള്ള സമയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2022-ന്റെ തുടക്കത്തിൽ തന്നെ ഈ ബൈക്കുകൾ നിരത്തുകളിൽ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. രണ്ട് മോഡലുകളുമായായിരിക്കും യെസ്ഡി നെയിം പ്ലേറ്റ് തിരിച്ചെത്തുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ജാവയുടെ പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും യെസ്ഡിയും ഒരുങ്ങുകയെന്നും രണ്ട് മോഡലുകളിൽ ഒന്ന് അഡ്വഞ്ചർ ടൂറിങ്ങും മറ്റൊന്ന് അർബൺ സ്ക്രാംബ്ലറുമായിരിക്കുമെന്നാണ് സൂചനകൾ.വാഹനത്തിന്റെ വരവിന് മുന്നോടിയായി സാമൂഹിക മാധ്യമങ്ങളിൽ യെസ്ഡിയുടെ പേരിലുള്ള പേജുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ വർഷം തന്നെ യെസ്ഡിയുടെ പേജ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപുറമെ, യെസ്ഡി ഫോർ എവർ എന്ന പേരിൽ കഴിഞ്ഞ ദിവസം യെസ്ഡിയുടെ ട്വിറ്റർ ഹാൻഡിലും ആരംഭിച്ചിട്ടുണ്ട്. ‘ലുക്ക് ഈസ് ബാക്ക്’ എന്ന തലക്കെട്ടോടെ ഇതിൽ പോസ്റ്റ് ചെയ്തിരുന്ന വീഡിയോയാണ് മഹീന്ദ്രയുടെ മേധാവി പങ്കുവെച്ചിട്ടുള്ളത്.യെസ്ഡി ബൈക്കുകളുടെ ഐതിഹാസിക രൂപം നിലനിർത്തുമെങ്കിലും ന്യൂജനറേഷൻ ഫീച്ചറുകളുടെ അകമ്പടിയിലായിരിക്കും പുതിയ പതിപ്പ് എത്തുകയെന്നാണ് സൂചന. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽ.ഇ.ഡി. ഹെഡ്ലാമ്പ്, എൽ.ഇ.ഡി. ടെയ്ൽലാമ്പ്. ഡ്യുവൽ ചാനൽ എ.ബി.എസ്. തുടങ്ങിയവ പുതുതലമുറ യെസ്ഡിയെ കൂടുതൽ ആകർഷകമാക്കും. അതേസമയം, ഈ വാഹനം പരീക്ഷണയോട്ടം തുടങ്ങിയതായും സൂചനകളുണ്ട്.ജാവ ബൈക്കുകളിൽ നൽകിയിട്ടുള്ള 293 സി.സി. ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനായിരിക്കും പുതിയ യെസ്ഡിക്കും കരുത്തേകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ എൻജിൻ 26.1 ബി.എച്ച്.പി. പവറും 27 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡായിരിക്കും ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുക.

Related Articles

Back to top button