
എസ്യുവി മോഡൽ വൈയുടെ വിലകുറഞ്ഞ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് യുഎസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ല ഇൻകോർപ്പറേറ്റഡ്. വാഹനത്തിൻറെ പുത്തൻ വകഭേദത്തിന് 41,990 ഡോളർ (ഏകദേശം 30.81 ലക്ഷം രൂപ)ആണു വില. ഈ ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ മോഡലായ മോഡൽ ത്രീയെ അപേക്ഷിച്ച് 4000 ഡോളർ (ഏകദേശം 2.94 ലക്ഷം രൂപ) അധികമാണിത്.

ഒറ്റ ചാർജിൽ 392.68 കിലോമീറ്റർ സഞ്ചരിക്കാൻ ഈ വാഹനത്തിന് കഴിയും. ഏഴുസീറ്റുള്ള മോഡൽ വൈയുടെ പുതിയ വകഭേദത്തിനുള്ള ഓർഡറുകൾ കമ്പനി സ്വീകരിച്ചുതുടങ്ങി. വരും ആഴ്ചകളിൽ തന്നെ വാഹനത്തിൻറെ പുതിയ വകഭേദം ഉടമസ്ഥർക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ടെസ്ല. അഞ്ചുലക്ഷം വിൽപ്പന ലക്ഷ്യമിട്ടിരുന്നിടത്ത് കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിൽ പോലും 4,99,550 വൈദ്യുത കാറുകൾ വിൽക്കാൻ കമ്പനിക്കായി. കഴിഞ്ഞവർഷം മോഡൽ ത്രീ, മോഡൽ വൈ എന്നീ വിഭാഗങ്ങളിലായി 4,54,932 കാറുകളാണ് ടെസ്ല ഉത്പാദിപ്പിച്ചത്. ഇത്തരത്തിലുള്ള 4,42,511 കമ്പനി വിൽക്കുകയും ചെയ്തു.