
ടാറ്റ മോഡലുകളിലെ ഐതിഹാസിക മോഡലായിരുന്ന സഫാരിയെ പുതിയ രൂപത്തിലും ഭാവത്തിലും നിരത്തുകളിലെത്തിക്കാനൊരുങ്ങുകയാണ് ടാറ്റ. ആറു വേരിയന്റുകളിൽ ആറ്, ഏഴ് സീറ്റർ മോഡലുകളായാണ് പുതിയ സഫാരി നിരത്തുകളിലെത്തുക. വില ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരി നാല് മുതൽ വാഹനത്തിൻറെ ബുക്കിംഗ് ആരംഭിക്കും.XE, XM, XT, XT+, XZ, XZ+ എന്നിവയായിരിക്കും വാഹനത്തിൻറെ 6 വകഭേദങ്ങളെന്നാണ് സൂചന.

ആറ് സീറ്റ് പതിപ്പുകളിൽ മൂന്നു നിരയിലെ ക്യാപ്റ്റൻ സീറ്റുകളും ഏഴ് സീറ്റർ പതിപ്പിൽ ഒരു നിര ബെഞ്ച് സീറ്റും നൽകിയായിരിക്കും സഫാരി എത്തുക. ടാറ്റയും ജാഗ്വാർ ലാൻഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് ഈ എസ്യുവി ഒരുക്കിയിട്ടുള്ളത്. ഒപ്പം ടാറ്റയുടെ ഡിസൈനിങ് ശൈലിയിൽ വിപ്ലവം തീർത്ത ഇംപാക്ട് 2.0 ഡിസൈൻ ശൈലിയിലാണ് സഫാരിയുടെ പുനർജന്മം. ക്രോമിയം ആവരണത്തിൽ ട്രൈ-ആരോ ഡിസൈനിലുള്ള ഗ്രില്ലാണ് ഈ വാഹനത്തിൻറെ മുൻവശത്തെ സുന്ദരമാക്കുന്നത്. എന്നാൽ ഹെഡ് ലാംപ്, എൽഇഡി ഡി ആർ എൽ, ബംബർ, അലോയ് വീലുകൾ തുടങ്ങിയവ ഹാരിയറിൽ നിന്ന് കടം കൊണ്ടവയാണ്. ക്രോമിയം സ്ട്രിപ്പിൽ സഫാരി ബാഡ്ജിങ് നൽകിയിട്ടുള്ള റൂഫ് റെയിലും വീതിയുള്ള ബ്ലാക്ക് ക്ലാഡിങും വശങ്ങൾക്ക് സ്പോർട്ടി ഭാവം നൽകുന്നു. ബോഡിയിലും ഹാച്ച് ഡോറിലേക്കും നീളുന്ന സ്പ്ലിറ്റ് എൽഇഡി ടൈൽ ലാമ്പാണ് പിൻവശത്തെ ആകർഷകമാക്കുന്നത്. അകത്തളത്തിലെ ഡിസൈൻ ഹാരിയറിന് സമാനമാണ്. 8.8 ഇഞ്ച് ഫ്ലോട്ടിങ് ഇൻഫർടൈൻമെന്റ്സിസ്റ്റം, 7 ഇഞ്ച് ഇൻസ്ട്രുമെന്റ് പാനൽ, പനോരമിക് സൺറൂഫ്, ത്രീ സ്പോക്ക് മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയവ സഫാരിയുടെ അകത്തളത്തെ സമ്പന്നമാക്കുന്നു. ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റർ 4 സിലിണ്ടർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 168 ബിഎച്ച്പി പവറും 350 എൻഎം ടോർക്കും സൃഷ്ടിക്കും.