
കോവിഡിനെ അകറ്റിനിർത്താൻ സാനിറ്റൈസറിനേക്കാൾ ഉത്തമം സോപ്പാണെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ സോപ്പ് കയ്യിൽ കൊണ്ടുനടക്കുക പ്രായോഗികമല്ല. ടാബ്ലറ്റ് സോപ്പ് എന്ന ആശയത്തിലൂടെ ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് കൊടുവള്ളി സ്വദേശിയും സംരംഭകനുമായ കെ സി ജാബിർ. ടാബ്‌ലറ്റ് സ്ട്രാപ്പ് പോലെ പോക്കറ്റിൽ സൂക്ഷിക്കാവുന്ന ഈ സോപ്പ് ഒറ്റത്തവണയേ ഉപയോഗിക്കാൻ സാധിക്കൂ.

സാനിറ്റൈസർ ഉപയോഗം അലർജി ഉണ്ടാക്കുന്നവർക്ക് ഈ സോപ്പ് ഏറെ ഗുണം ചെയ്യും. ഉപഭോക്താവിന്റെ ആവശ്യം കണക്കിലെടുത്ത് പുറത്തിറക്കിയ ഉത്പന്നമാണ് ഇലാരിയ എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞൻ സൂപ്പ്. സോപ്പു നിർമ്മാണവും കയറ്റുമതിയും ചെയ്യുന്ന സംരംഭകനാണ് ജാബിർ. 20 ടാബ്‌ലറ്റ് സോപ്പുകൾ ഉൾപ്പെടുന്ന രണ്ട് സ്ട്രിപ്പുകളുടെ പാക്കറ്റിന് 30 രൂപയാണ് വില. കേരളത്തിലെയും കർണാടകയിലെയും സൂപ്പർമാർക്കറ്റുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ ഉൽപ്പന്നം ലഭ്യമായി കഴിഞ്ഞു. ഒപ്പം ഖത്തറിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഗവേഷണ-വികസന വിഭാഗം വികസിപ്പിച്ചെടുത്ത സോപ്പ് ഉല്പന്നങ്ങൾ മുംബൈയിലും ഹിമാചൽപ്രദേശിലുമുള്ള യൂണിറ്റുകളിലാണ് നിർമ്മിക്കുന്നത്.