
സ്കോഡയുടെ മേൽവിലാസത്തിൽ മിഡ്-സൈഡ് എസ്യുവിയായെത്തുന്ന പുത്തൻ വാഹനത്തിൻറെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ചക്രവർത്തി എന്ന അർത്ഥം വരുന്ന കുഷാഖ് എന്ന പേരാണ് ഈ പുത്തൻ വാഹനത്തിന് ഇട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ വിഷൻ ഇൻ എന്ന പേരിലായിരുന്നു ഇതിൻറെ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ചത്. വാഹനത്തിൻറെ പ്രൊഡക്ഷൻ മോഡൽ ഈ മാസം തന്നെ അവതരിപ്പിക്കുമെന്നാണ് പുതിയ സൂചനകൾ.

സ്കോഡ ഇന്ത്യയുടെ 2.0 പദ്ധതിയുടെ ഭാഗമായെത്തുന്ന ആദ്യത്തെ വാഹനമാണിത്. സ്കോഡ-ഫോക്സ്വാഗൺ വാഹനങ്ങൾക്കായി നിർമ്മിച്ചിരിക്കുന്ന MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിർമിക്കുന്നവത്. 1.5 ലിറ്റർ ടി എസ് ഐ ടർബോ ചാർജ് പെട്രോൾ എൻജിനായിരിക്കും വാഹനത്തിന് കരുത്തേകുക. 6 സ്പീഡ് മാന്വൽ, 7 സ്പീഡ് ഡി എസ് ജി എന്നിവയാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. സ്കോഡയുടെ മറ്റു വാഹനങ്ങൾക്കുള്ളതുപോലെ പ്രീമിയം ലുക്കിലായിരിക്കും ഇതിന്റേയും അകത്തളം ഒരുക്കുക. 12.3 ഇഞ്ച് ഇൻഫർടൈൻമെന്റ് സിസ്റ്റം, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീൽ, കോക്പിറ്റ് മാതൃകയിലുള്ള സെൻറർ കൺസോൾ എന്നിവയായിരിക്കും ഇൻറീരിയറിനെ സമ്പന്നമാക്കുക. സ്കോഡ സിഗ്നേച്ചർ ഗ്രില്ല്, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകൾ നൽകിയിട്ടുള്ള ഡ്യുവൽടോൺ ബംബർ, ക്രോം ഫ്രെയിമുള്ള വിൻഡോ, 19 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയായിരുന്നു കൺസെപ്റ്റ് മോഡലിനെ അലങ്കരിച്ചിരുന്നത്. ഇതിനു സാമ്യമുള്ള ഡിസൈനായിരിക്കും പ്രൊഡക്ഷൻ മോഡലിലും എത്തുക.