
ഉത്സവകാലത്തെ മോടിപിടിപ്പിക്കാൻ ഇന്ത്യയിലെ ഇരുചക്ര വാഹന നിർമാതാക്കളിൽ മുൻനിരക്കാരായ ബജാജിന്റെ പൾസർ ശ്രേണിയിലെ കുഞ്ഞൻ പതിപ്പായ പൾസർ 125 നെ പുത്തൻ ഭാവത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 73,274 രൂപ വിലയുള്ള ഈ ബൈക്കിൽ സ്പ്ലിറ്റ് സീറ്റ്, ഡ്രം ബ്രേക്ക് എന്നീ പുത്തൻ സവിശേഷതകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

അല്പം മോടിപിടിപ്പിച്ച ഡിസൈനുമായാണ് വാഹനം വിപണിയിലെത്തുന്നത്. സീറ്റിലെ മാറ്റത്തിനൊപ്പം സീറ്റിന് യോജിക്കുന്ന ചുവന്ന നിറത്തിൽ നൽകിയിട്ടുള്ള സ്പ്ലിറ്റ് ഗ്രാബ് റെയിൽ, റെഡ്, സിൽവർ എന്നീ നിറങ്ങളിൽ നൽകിയിട്ടുള്ള ആക്സിഡൻറുകൾ എന്നിവ ഡിസൈനെ കൂടുതൽ ആകർഷകമാക്കുന്നു. എന്നാൽ മറ്റ് ഫീച്ചറുകളിൽ കാര്യമായ മാറ്റങ്ങളില്ല. ഡി ആർ എൽ, മസ്കുലർ ടാങ്ക്, ഹാലജൻ ഹെഡ് ലാമ്പ്, എൻജിൻ കൗൾ തുടങ്ങിയ ഫീച്ചറുകൾ ഡിസ്ക് വേരിയന്റിലേതിന് സമാനമാണ്.
ഈ വാഹനത്തിന് മെക്കാനിക്കലായും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബിഎസ്6 നിലവാരമുള്ള 124.4 സി സി എയർ കൂൾഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 11.8 ബിഎച്ച്പി പവറും 10.8 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. 5 സ്പീഡ് ഗിയർ ബോക്സാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വാഹനത്തിൻറെ മറ്റൊരു പ്രധാന സവിശേഷതയായ ഡ്രം ബ്രേക്കിനൊപ്പം സുരക്ഷാ കാര്യക്ഷമമാക്കുന്നതിനായി കോംമ്പി ബ്രേക്കിംഗ് സംവിധാനവും നൽകിയിട്ടുണ്ട്.