Auto
Trending

400 കി.മീ റേഞ്ചുമായി ടാറ്റ നെക്സോണ്‍ എത്തുന്നു

അടുത്ത വർഷം മധ്യത്തോടെ വൈദ്യുത എസ്‌യുവിയായ നെക്സോണ്‍ ഇ വിയിൽ കാര്യമായ പരിഷ്കാരം നടപ്പാക്കാൻ ടാറ്റ മോട്ടോഴ്സിനു പദ്ധതി. വലിയ ബാറ്ററി പായ്ക്ക് ഘടിപ്പിച്ച് നെക്സോൺ ഇവിയുടെ സഞ്ചാര പരിധി(റേഞ്ച്) വർധിപ്പിക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ നീക്കം. ഏറ്റവും ശേഷി കുറഞ്ഞ, 30.2 കിലോവാട്ട് അവർ ബാറ്ററി പായ്ക്കുമായാണ് ഇപ്പോൾ നെക്സോൺ ഇവിയുടെ വരവ്. അതുകൊണ്ടുതന്നെ എതിരാളികളുമായി താരതമ്യം ചെയ്താൽ വാഹനത്തിന്റെ റേഞ്ചും കുറവാണ്. എന്നാൽ എതിരാളികളെ അപേക്ഷിച്ചു വിലയും കുറവാണ് എന്നതാണു നെക്സോൺ ഇ വിയുടെ സ്വീകാര്യത കാര്യമായി ഉയർത്തുന്നത്. നെക്സോൺ ഇ വിയുടെ ലോങ് റേഞ്ച് പതിപ്പിൽ 40 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ടാറ്റ മോട്ടോഴ്സ് പരിഗണിക്കുന്നത്; നിലവിലെ ബാറ്ററി പായ്ക്കിനെ അപേക്ഷിച്ച് 30% അധിക ശേഷിയാണിത്. കാറിന്റെ അടിത്തട്ടിലെ പരിഷ്കാരത്തിനൊപ്പം സംഭരണ സ്ഥലത്തിലും വിട്ടുവീഴ്ച ചെയ്താവും നിർമാതാക്കൾ ബാറ്ററി ശേഷി ഉയർത്തുകയെന്നാണു സൂചന. ശേഷിയേറിയ ബാറ്ററി എത്തുന്നതോടെ വാഹനഭാരവും 100 കിലോഗ്രാമോളം ഉയർന്നേക്കും.എന്നാൽ ബാറ്ററി ശേഷി ഉയരുന്നതോടെ നെക്സോൺ ഇവിയുടെ റേഞ്ച് പരീക്ഷണ സാഹചര്യങ്ങളിൽ 400 കിലോമീറ്ററിലേറെയായി വർധിക്കും. ഇതോടെ യഥാർഥ ഡ്രൈവിങ് സാഹചര്യത്തിലും ഒറ്റ ചാർജിൽ 300 – 320 കിലോമീറ്റർ പിന്നിടാൻ നെക്സനു സാധിക്കും. എതിരാളികളായ എം ജി സെഡ് എസ് ഇ വിയും ഹ്യുണ്ടേയ് കോനയുമൊക്കെ വാഗ്ദാനം ചെയ്യുന്ന റേഞ്ചിനു സമാനമാണിത്. ഇതിനു പുറമെ നെക്സന്റെ പരിഷ്കരിച്ച പതിപ്പിൽ ഡ്രൈവർക്ക് റീജനറേറ്റീവ് ബ്രേക്കിങ്ങിന്റെ സാധ്യത ക്രമീകരിക്കാൻ കഴിയുംവിധം റീ ജനറേഷൻ മോഡുകൾ തിരഞ്ഞെടുക്കാനും അവസരം ലഭിച്ചേക്കും. ഇതു വഴിയും കാറിന്റെ റേഞ്ച് നീട്ടാനാവുമെന്ന നേട്ടമുണ്ട്. സാങ്കേതിക വിഭാഗത്തിലെ മാറ്റങ്ങൾക്കപ്പുറം പുത്തൻ അലോയ് വീലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും(ഇ എസ് പി) കാഴ്ചയിൽ അല്ലറ–ചില്ലറ പരിഷ്കാരങ്ങളും സഹിതമാവും നെക്സോൺ നവീകരിച്ച പതിപ്പ് എത്തുക. ബാറ്ററി പായ്ക്കിനു ശേഷിയേറുന്നതോടെ നെക്സോൺ ഇ വിയുടെ വില മൂന്നു മുതൽ നാലു ലക്ഷം രൂപ വരെ വർധിക്കാനും സാധ്യതയുണ്ട്. വില 17 –18 ലക്ഷം രൂപ നിലവാരത്തിലെത്തിയാലും ഉയർന്ന റേഞ്ചിന്റെ പിൻബലത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ പരിഷ്കരിച്ച നെക്സനു സാധിക്കുമെന്നാണു വിലയിരുത്തൽ.

Related Articles

Back to top button