
ഡിജിറ്റൽ പണമിടപാടുകളിൽ ഇപ്പോൾ ഉപഭോക്താക്കളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന വൺ ടൈം പാസ്വേർഡ് അഥവാ ഒടിപി സംവിധാനത്തിന് വിരാമമിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടെലികോം കമ്പനികളെന്ന് പുതിയ റിപ്പോർട്ട്. ഒടിപി വരാൻ കാത്തുനിൽക്കുന്നത് ചിലരിലെങ്കിലും ആശയകുഴപ്പം സൃഷ്ടിക്കുന്നതായി പല പഠനങ്ങളും പറയുന്നു. ഇത് പരിഹരിക്കാനാണ് റിലയൻസ് ജിയോ, ഭാരതീയ എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾ ഇനി ശ്രമിക്കുന്നത്.

വ്യക്തിയെ തിരിച്ചറിയാൻ മൊബൈൽ നമ്പർ മാത്രം മതി എന്ന രീതിയിലേക്ക് എത്തിക്കാനാണ് ടെലികോം കമ്പനികളുടെ ശ്രമം. ഈ സംവിധാനത്തിലേക്ക് മാറുകയാണെങ്കിൽ സിം മിറ്റിങ് രീതി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് ഡിജിറ്റൽ സംവിധാനങ്ങളിലേക്കും കടന്നു കയറാനുള്ള ശ്രമം ഇനി നടന്നേക്കില്ല. നിലവിലെ സംവിധാനം അനുസരിച്ച് ഉപഭോക്താവ് മൊബൈൽ നമ്പർ ഒരു ആപ്പിനോ വെബ്സൈറ്റിനോ നൽകിയതിനുശേഷം നാലുമുതൽ ആറുവരെ അക്കങ്ങളുള്ള ഒടിപി എത്താൻ കാത്തു നിൽക്കണം. ഈ നമ്പർ നൽകിയാൽ മാത്രമേ ഇടപാട് പൂർത്തിയാകൂ. ചില സാഹചര്യങ്ങളിൽ ഒടിപി വരാൻ വൈകുകയും വരാതിരിക്കുകയും ചെയ്യാറുണ്ട്. ഇത് ഉപഭോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എന്നാൽ പുത്തൻ സംവിധാനം വരുന്നതോടെ സുരക്ഷിതമായ പണമിടപാടുകൾ ഒറ്റയടിക്ക് നടത്താൻ സാധിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.