
ചെറു എസ്‌യുവി വിപണിയിൽ വെല്ലുവിളി ഉയർത്താൻ ജപ്പാനീസ് വാഹന നിർമ്മാതാക്കളായ നിസാൻ മോട്ടോർ ഇന്ത്യ പുത്തൻ എസ്യുവിയായ മാഗ്നെറ്റ് ഡിസംബർ 2ന് അവതരിപ്പിക്കും. അടുത്തവർഷം മാർച്ചിനകം വാഹനം നിരത്തുകളിലെത്തും.ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന ഈ വാഹനത്തിന്റെ രൂപകല്പന ജപ്പാനിലായിരുന്നു. അവതരണത്തിനു മുന്നോടിയായി കമ്പനിയുടെ ടോചിഗി പ്രൂവിഗ് ഗ്രൗണ്ടിൽ ഈ പുത്തൻ വാഹനം വിപുലമായ പരീക്ഷണ ഓട്ടവും പൂർത്തിയാക്കിയിട്ടുണ്ട്.

വിലയുടെ കാര്യത്തിൽ ഈ പുത്തൻ വാഹനം വിസ്മയം തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5.50 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് വാഹനത്തിൻറെ വില പ്രതീക്ഷിക്കുന്നത്.എക്സ് ഇ,എക്സ് എൽ,എക്സ് വി,എക്സ് വി പ്രീമിയം എന്നീ നാല് വകഭേദങ്ങളിലായിട്ടായിരിക്കും മാഗ്നെറ്റ് വിൽപ്പനയ്ക്കെത്തുകയെന്നും സൂചനയുണ്ട്. രണ്ട് പെട്രോൾ എൻജിൻ സാധ്യതകളാണ് വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. എൻജിൻ-ട്രാൻസ്മിഷൻ സാധ്യതകൾ അടിസ്ഥാനമാക്കി 17.7 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെയാണ് വാഹനത്തിൻറെ ഇന്ധനക്ഷമത കണക്കുകൂട്ടുന്നത്. ആദ്യകാഴ്ചയിൽ അവതരിപ്പിച്ച കുത്തിയെടുത്തത് പോലുള്ള ബോണറ്റും 8 കോണുള്ള ഗ്രില്ലും ആംഗ്ലർ ഹെഡ് ലാമ്പും അന്തിമഘട്ടത്തിലും നിലനിർത്തിയിട്ടുണ്ട്. ഡാറ്റ്സൻ മോഡലുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വലുപ്പം തോന്നിപ്പിക്കുന്ന വീൽ ആർച്ചുകൾ, പിൻഭാഗത്ത് എൽഇഡി ടെയിൽ ലൈറ്റുകൾ, ലളിതമായ ടെയിൽ ഗേറ്റ്, അടുക്കളുള്ള ബംബർ തുടങ്ങിയവയും വാഹനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.