
ഇന്ത്യയിലെ ഇരുചക്രവാഹന പ്രേമികളെ ആവേശം കൊള്ളിച്ച ബൈക്കാണ് കെടിഎം ഡ്യൂക്ക്. 125 സിസി മുതൽ 390 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾ ഡ്യൂക്ക് വിപണിയിലെത്തിച്ചു. ഇതിലെ ഏറ്റവും കുഞ്ഞനായ കെടിഎം 125 ഡ്യൂക്ക് ഇപ്പോഴിതാ മുഖംമിനുക്കി വീണ്ടുമെത്തുകയാണ്. വാഹനത്തിൻറെ ഈ പുതിയ പതിപ്പിന് 1.50 ലക്ഷം രൂപയാണ് വില.

സെറാമിക് ഓറഞ്ച്, ഇലക്ട്രോണിക്സ് ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലാണ് ഈ വാഹനം എത്തിയിരിക്കുന്നത്.കെ ടി എം 1290 സൂപ്പർ ഡ്യൂക്ക് ഡിസൈനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഹാലജൻ ഹെഡ്‌ലാമ്പ്, പുത്തൻ സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻസ് ക്ലെസ്റ്റർ, സ്റ്റോറേജ് കപ്പാസിറ്റി കൂടിയ ഫ്യൂവൽ ടാങ്ക് എന്നിവയാണ് വാഹനത്തിനു പുതുമ നൽകുന്നത്. സ്പ്ലിറ്റ് ട്രല്ലീസ് ഫ്രെയിമാണ് വാഹനത്തിന് അടിസ്ഥാനമൊരുക്കിയിരിക്കുന്നത്. ഒപ്പം സുഖയാത്ര ഉറപ്പുവരുത്തുന്നതിനായി പുതിയ സസ്പെൻഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബിഎസ്6 നിലവാരമുള്ള 124.7 സി സി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 14.3 ബിഎച്ച്പി പവറും 12 എൻഎം ടോർക്കും സൃഷ്ടിക്കുന്നു.