ഇന്ത്യയിലെ എംപിവി വാഹന നിരയിലെ മികച്ച മോഡൽ ഇന്നും ഇന്നോവ ക്രിസ്റ്റ തന്നെയാണ്. പല കാലങ്ങളിലായി പല എതിരാളികളും വന്നുപോയെങ്കിലും ഈ വാഹനത്തിൻറെ ജനപ്രീതിയിൽ അത് ഒട്ടും മങ്ങലേൽപ്പിച്ചിരുന്നില്ല. ഇപ്പോഴിതാ വാഹനത്തിൻറെ പുത്തൻ മോഡൽ വരവറിയിച്ചിരിക്കുന്നു. ഇൻറീരിയറിലും എക്സ്റ്റീരിയറിലും ആകർഷകമായ മാറ്റങ്ങൾ വരുത്തിയ ക്രിസ്റ്റിയുടെ ഫെയ്സ്ലിഫ്റ്റ് മോഡൽ ഈ മാസം അവസാനത്തോടെ നിരത്തുകളിലെത്തുമെന്നാണ് സൂചന. ഇതിൻറെ ഔദ്യോഗിക ബുക്കിംഗ് ഡീലർഷിപ്പുകളിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിലെ മോഡലിനേക്കാൾ 60,000 മുതൽ ഒരു ലക്ഷം രൂപ വരെ വില ഉയർത്തിയാണ് പുതിയ മോഡലെത്തുന്നത്.

ഇൻറീരിയറിനെക്കാളും എക്സ്റ്റീരിയറിലാണ് വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. അഴിച്ചു പണിത ഗ്രില്ല്, ബ്ലാക്ക് ഫൈബർ ആവരണത്തിൽ നൽകിയിട്ടുള്ള ടേൺ ഇൻഡിക്കേറ്റർ, ഡ്യുവൽ പോഡ് പ്രൊജക്ഷൻ ഹെഡ്ലാമ്പ്, സിൽവർ ഫിനിഷ് സ്കിഡ് പ്ലേറ്റ്, പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീൽ തുടങ്ങിയവയാണ് എക്സ്റ്റീരിയറിയിലെ മാറ്റങ്ങൾ. അകത്തളത്തിലെ ഡിസൈനിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വുഡൻ പാനലുകൾ, ഇൻഫൊടൈൻമെൻറ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻസ് ക്ലസ്റ്റർ തുടങ്ങിയവയാണ് ഇൻറീരിയറിലെ പ്രധാന ഫീച്ചറുകൾ. 2.4 ലിറ്റർ ഡീസൽ, 2.7 ലിറ്റർ പെട്രോൾ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഹനം ഇന്ത്യൻ നിരത്തുകളിലെത്തുക. ഡീസൽ എൻജിന് 148 ബിഎച്ച്പി പവറും 360 എൻഎം ടോർക്കും സൃഷ്ടിക്കാനാകും. പെട്രോൾ എൻജിൻ 164 ബിഎച്ച്പി പവറും 245 എൻഎം ടോർക്കും സൃഷ്ടിക്കും.