
ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി ഇന്ത്യയിലെത്തിച്ചിട്ടുള്ള ഔഡി A4ന്റെ പുത്തൻ പതിപ്പ് ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാനൊരുങ്ങുന്നു. വാഹനത്തിൻറെ അവതരണത്തിന് മുന്നോടിയായുള്ള ഔദ്യോഗിക ബുക്കിംഗ് കമ്പനി ഇതിനകം ആരംഭിച്ചു കഴിഞ്ഞു. രണ്ടു ലക്ഷം രൂപ അഡ്വാൻസ് തുക ഈടാക്കിയാണ് പുതിയ ബുക്കിംഗ് സ്വീകരിക്കുന്നത്.

ഔഡിയുടെ ഇന്ത്യയിലെ വില്പനയിൽ രണ്ടാം സ്ഥാനക്കാരനാണ് ഔഡി A4. 2019 ലാണ് ഏറ്റവുമൊടുവിൽ വാഹനത്തിൻറെ മുഖംമിനുക്കിയത്. വാഹനത്തിൻറെ പുത്തൻ പതിപ്പിൽ ബി എസ് 6 എന്ജിന് പുറമേ നിരവധി ഡിസൈൻ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മുൻ മോഡലിനോട് സാമ്യമുള്ള അകത്തളമാണ് ഈ പുത്തൻ വാഹനത്തിന് നൽകിയിരിക്കുന്നത്.
10.1ഇഞ്ച് വലിപ്പമുള്ള ഇൻഫോടൈൻമെൻറ് സിസ്റ്റം, മൾട്ടി സോൺ ക്ലൈമറ്റ് കണ്ട്രോൾ യൂണിറ്റ്, എൽഇഡി ലൈറ്റ്നിങ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഇൻറീരിയറിൽ നൽകിയിരിക്കുന്നത്. എൽഇഡി ഹെഡ് ലാമ്പ്,ഡിആർഎൽ, ഡിസൈൻ മാറ്റംവരുത്തിയ ബംബർ, പുതുമയുള്ള ടെയിൽ ലൈറ്റ് എന്നിവയാണ് വാഹനത്തിൻറെ എക്സ്റ്റീരിയറിൽ വരുത്തിയ പ്രധാനപ്പെട്ട മാറ്റങ്ങൾ. 190 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.