
ഇലക്ട്രോണിക്സ് ഘടകങ്ങളും മറ്റും രാജ്യത്തു നിർമ്മിച്ച് സ്വയംപര്യാപ്തത നേടുന്നതിന് കേന്ദ്രസർക്കാർ അവതരിപ്പിച്ച പിഎൽഐ സ്കീമിൽ ടെലികോം, നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ നിർമ്മാണത്തിനും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നിന് പദ്ധതിക്ക് തുടക്കമിടുമെന്ന് കേന്ദ്ര ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

ഈ പദ്ധതി പ്രകാരം ടെലികോം, നെറ്റ്‌വർക്ക് ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായി അഞ്ചു വർഷത്തിനുള്ളിൽ 12,195 കോടി രൂപയാണ് ചെലവഴിക്കുക. ഇന്ത്യയെ ടെലക്കോം ഉപകരണങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോർ ട്രാൻസ്മിഷൻ ഉപകരണങ്ങൾ, 4ജി-5ജി നെക്സ്റ്റ് ജനറേഷൻ റേഡിയോ ആക്സസ് നെറ്റ്‌വർക്ക്, വയർലെസ് എക്യുമെൻസ് തുടങ്ങിയവയായിരിക്കും ഇന്ത്യയിൽ നിർമ്മിക്കുക. പദ്ധതി നടപ്പാക്കുന്നതിലൂടെ 2.4 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. രണ്ട് ലക്ഷം കോടി രൂപയുടെയും കയറ്റുമതിയും പ്രതീക്ഷിക്കുന്നുണ്ട്.