
വാരാന്ത്യങ്ങളിൽ എല്ലാ ഉപഭോക്താക്കൾക്കും നെറ്റ്ഫ്ലിക്സ് അതിൻറെ സേവനങ്ങളുടെ സൗജന്യ ട്രയൽ വാഗ്ദാനം ചെയ്യുന്നു. പുതിയ പദ്ധതി ഇന്ത്യയിൽ ആരംഭിച്ച് പിന്നീട് ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ് ചീഫ് പ്രോഡക്ട് ഓഫീസർ ഗ്രെഗ് പീറ്റേഴ്സ് ചൊവ്വാഴ്ച അറിയിച്ചു. കമ്പനിയുടെ മൂന്നാംപാദ വരുമാന ഇൻറർവ്യൂവിലായിരുന്നു അദ്ദേഹത്തിൻറെ പ്രഖ്യാപനം.കമ്പനി നേരത്തെ 30 ദിവസത്തെ സൗജന്യ ട്രയൽ നൽകിയിരുന്നു. ഇതിലൂടെ പുതിയ ഉപഭോക്താക്കൾക്ക് സബ്സ്ക്രിപ്ഷന് മുൻപായി കമ്പനിയുടെ സേവനങ്ങൾ പരിശോധിക്കാനും കുറച്ചു വെബ് സീരീസുകൾ കാണാനും അനുവാദം നൽകിയിരുന്നു.

സൗജന്യ ആക്സസ് നൽകുന്നതിലൂടെ തങ്ങളുടെ പക്കലുള്ള അതിശയകരമായ സ്റ്റോറികൾ, സേവനങ്ങൾ, സൃഷ്ടികൾ ഒരുകൂട്ടം ആളുകൾക്ക് കാണാൻ സാധിക്കുമെന്ന് പീറ്റേഴ്സ് കൂട്ടിച്ചേർത്തു. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. നെറ്റ്ഫ്ലിക്സ് ഒരേസമയം ഒന്നിലധികം ഫീച്ചറുകളും പ്രമോഷൻ ഓഫറുകളും കൊണ്ടുവരാറുണ്ട്. കാഴ്ചക്കാരുടെ വ്യത്യസ്ത ആവശ്യതകൾ മനസ്സിലാക്കുന്നതിനും ഉചിതമായ അപ്ഡേറ്റുകൾ നടത്തുന്നതിനും ഇത് സഹായിക്കുന്നു. സെപ്റ്റംബർ 30 ഓടെ കമ്പനിയുടെ വരിക്കാരുടെ എണ്ണം 19.5 കോടതിയിലെത്തിയിരുന്നു.