
ഇക്കഴിഞ്ഞ അഞ്ച്, ആറ് തീയതികളിൽ നടന്ന നെറ്റ്ഫ്ലിക്സ് സ്ട്രീം ഫെസ്റ്റ് രണ്ടു ദിവസം കൂടി നടക്കും. ഉപഭോക്താക്കൾക്ക് ഇന്നും നാളെയും കൂടി നെറ്റ്ഫ്ലിക്സിൻറെ ഈ സൗജന്യ സേവനങ്ങൾ ആസ്വദിക്കാനാകും. ഇന്ത്യയിൽ ഇന്ന് 9:00 മണി മുതലാണ് ഈ സൗജന്യ സേവനം വീണ്ടും ലഭിക്കുക. ഡിസംബർ 11ന് രാവിലെ 8:59 ഓടെ ഇത് അവസാനിക്കുകയും ചെയ്യും.

നേരത്തെ നിലനിന്നിരുന്ന സ്ട്രീം ഫെസ്റ്റ് വ്യവസ്ഥകളിൽ മാറ്റമുണ്ടാവില്ല. പുതിയ അക്കൗണ്ട് ഉടമകൾക്കായിരിക്കും സ്ട്രീം ഫെസ്റ്റ് സേവനം ആസ്വദിക്കാനാവുക. നെറ്റ്ഫ്ലിക്സ് പിന്തുണയുള്ള ഏത് ഉപകരണത്തിലും ഇത് ആസ്വദിക്കാനാകും. എന്നാൽ, നെറ്റ്ഫ്ലിക്സിന് താങ്ങാനാവുന്നതിലുമധികം ആളുകൾ പ്രവേശിച്ചാൽ ഒരേസമയം വീഡിയോ കാണുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടു വന്നേക്കാം. ഇക്കഴിഞ്ഞ 5, 6 തീയതികളിൽ നടത്തിയ സ്ട്രീം ഫെസ്റ്റ് വൻ വിജയമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സ് സേവനങ്ങളെല്ലാം സൗജന്യമായി നൽകുന്ന സ്ട്രീം ഫെസ്റ്റ് വീണ്ടും ലഭ്യമാകുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നില്ല.