
രാജ്യത്തെ ടാക്സ് പ്രാക്ടീഷണർമാർക്കായുള്ള ഏറ്റവും വലിയ ജിഎസ്ടി ഫയലിംഗ് പ്ലാറ്റ്ഫോമായ ഒപ്ടോബിസിനെ സ്വന്തമാക്കിയിരിക്കുകയാണ് മലയാളി സംരംഭകർ സ്ഥാപിച്ച ചെറുകിട ബിസിനസ് ബാങ്കിംഗ് പ്ലാറ്റ്ഫോം കമ്പനിയായ ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്. 35.50 കോടി രൂപയ്ക്കാണ് ഒപ്ടോബിസിനെ ഓപ്പൺ ഏറ്റെടുത്തത്.

ഈ ഏറ്റെടുക്കലോടെ ഓപ്പണിൻറെ ഇടപാടുകാരായ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം പത്തു ലക്ഷത്തിൽ നിന്ന് 18 ലക്ഷമായി ഉയരും. മലയാളികളായ അനീഷ് അച്യുതൻ, മേബൽ ചാക്കോ, ഡീന ജേക്കബ്, അജീഷ് അച്യുതൻ എന്നിവർ ചേർന്ന് 2017 ലാണ് ഓപ്പൺ സ്ഥാപിച്ചത്. 1.72 ലക്ഷം കോടി രൂപയുടെ ബാങ്ക് ഇടപാടുകളാണ് എസ്എംഇകൾ ഓപ്പൺ പ്ലാറ്റ്ഫോമിലൂടെ പ്രതിവർഷം നടത്തുന്നത്. ടാക്സ് പ്രാക്ടീഷണർമാർക്കും അക്കൗണ്ടൻറ്മാർക്കുമായി ബാങ്കിങ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്നും ഒപ്ടോബിസിന്റെ ആസ്ഥാനമായ ഹൈദരാബാദിൽ ഓപ്പൺ ഡെവലപ്മെൻറ് സെൻറർ തുറക്കുമെന്നും ഓപ്പൺ സിഇഒ അനീഷ് അച്യുതൻ പറഞ്ഞു.