
സെർച്ച് എഞ്ചിൻ രംഗത്ത് ഗൂഗിളിനെതിരെ മത്സരിക്കാൻ നീവ. ഗൂഗിൾ മുൻ ഉദ്യോഗസ്ഥരും ഇന്ത്യക്കാരുമായ ശ്രീധർ രാമസ്വാമി, വിവേക് രഘുനാഥൻ എന്നിവർ ചേർന്ന് രൂപം നൽകുന്ന നീവ, 2021 പകുതിയോടെ പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സബ്സ്ക്രിപ്ഷൻ മോഡലായിരിക്കും ‘നീവ’ . പരസ്യത്തിന്റെ ശല്യമില്ലാത്ത സ്വകാര്യ സെർച്ച് എഞ്ചിൻ എന്നാണ് നീവയുടെ വിശേഷണം.

പരസ്യങ്ങൾ ഉപയോക്താക്കൾക്കുമേൽ സമ്മർദ്ദമുണ്ടാക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ഇത് ഉപയോക്താക്കൾ ആഗ്രഹിക്കുന്നില്ലെന്നും ‘ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിൽ ശ്രീധർ രാമസ്വാമി പറഞ്ഞു. പരസ്യങ്ങൾക്കു വേണ്ടി ഉപയോക്താക്കളുടെ വിവരങ്ങൾ ആരുമായും പങ്കുവെക്കില്ലെന്നും 90 ദിവസത്തിനു ശേഷം സെർച്ച് ഹിസ്റ്ററി നീക്കം ചെയ്യുമെന്നും നീവ അതിന്റെ ബ്ലോഗിൽ വ്യക്തമാക്കിയിട്ടുണ്ട്.ശ്രീധറിന്റെയും വിവേകിന്റെയും നേൃത്വത്തിൽ 45 പേരടങ്ങുന്ന സംഘമാണ് സ്റ്റാർട്ടപ്പിലുള്ളത്. ചെന്നൈ ഐഐടി ബിരുദധാരിയായ രാമസ്വാമി ഗൂഗിളിലെ പരസ്യ, വാണിജ്യ വിഭാഗത്തിന്റെ സീനിയർ വൈസ് പ്രസിഡന്റും, മുംബൈ ഐഐടി ബിരുദധാരിയായ വിവേക് രഘുനാഥൻ യൂട്യൂബിലെ മൊണട്ടൈസേഷൻ വൈസ് പ്രസിഡന്റുമായിരുന്നു.ആദ്യം യുഎസിലും പിന്നീട് ഇംഗ്ലീഷ് സംസാരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലും ‘നീവ’ ലഭ്യമാക്കും. ഇതിനകം 3.75 കോടി ഡോളർ നീവ സമാഹരിച്ചിട്ടുണ്ട്.