
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സും ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനിയായ എക്സൈഡ് ലൈഫ് ഇൻഷുറൻസും സഹകരിക്കുന്നു. ഈ സഹകരണത്തിന്റെ ഭാഗമായി ഇനി മുതൽ മുത്തൂറ്റ് ശാഖകളിൽ നിലവിൽ ലഭ്യമാകുന്ന ഇൻഷുറൻസ് സേവനങ്ങൾക്ക് പുറമേ എക്സൈഡ് ലൈഫ് ഇൻഷുറൻസിന്റെ സേവനങ്ങൾ കൂടി ലഭ്യമാകും.

രാജ്യത്തുടനീളം 806 ശാഖകളും 30 ലക്ഷത്തിലധികം ഉപഭോക്താക്കളും നടപ്പ് സാമ്പത്തിക വർഷം ആയിരം കോടി രൂപയുടെ വളർച്ചാ ലക്ഷ്യവുമായി മുന്നേറുന്ന മുത്തൂറ്റുമായുള്ള ഈ സഹകരണം എക്സൈഡ് ലൈഫ് ഇൻഷുറൻസിന് ഏറെ നേട്ടങ്ങളുണ്ടാക്കും. എല്ലാ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് മുത്തൂറ്റ് മിനിയെ രാജ്യത്തെ ഏറ്റവും വലിയ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.