Auto

വമ്പന്‍ കുതിപ്പുമായി മഹീന്ദ്ര XUV700

ഇന്ത്യയുടെ ജനപ്രിയ വാഹന നിർമാതാക്കളായ മഹീന്ദ്രയിൽ നിന്ന് ഏറ്റവുമൊടുവിൽ വിപണിയിലെത്തിയ വാഹനമാണ് XUV700 എന്ന എസ്.യു.വി. കോവിഡ്-19 മഹാമാരിയെ തുടർന്ന് ചിപ്പുക്ഷാമം, വിതരണത്തിലെ കാലതാമസം തുടങ്ങിയ പ്രതിസന്ധികൾക്കിടയിലും ഈ വാഹനത്തിന്റെ 14,000 യൂണിറ്റ് ഇതിനോടകം തന്നെ നിരത്തുകളിൽ എത്തിക്കാൻ സാധിച്ചതായി മഹീന്ദ്ര അറിയിച്ചു. XUV700 വിപണിയിൽ അവതരിപ്പിച്ച് 90 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.അതേസമയം, ഈ വാഹനത്തിന് ഇതിനോടകം ഒരു ലക്ഷത്തിലധികം ബുക്കിങ്ങ് ലഭിച്ചിട്ടുണ്ടെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം ബുക്കിങ്ങ് സ്വന്തമാക്കുന്ന എസ്.യു.വി. എന്ന ഖ്യാതി ഇനി മഹീന്ദ്ര XUV700-ന് സ്വന്തമാണെന്നും നിർമാതാക്കൾ അഭിപ്രായപ്പെട്ടു. ഒക്ടോബർ ഏഴിനാണ് XUV700-ന്റെ ബുക്കിങ്ങ് ആരംഭിച്ചത്.ആദ്യമായി വാഹനം വാങ്ങുന്നവരെ ആകർഷിക്കാനും മഹീന്ദ്രയുടെ ഈ എസ്.യു.വിക്ക് സാധിച്ചിട്ടുണ്ടെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. XUV700-ന്റെ പെട്രോൾ എൻജിൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വകഭേദങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്നാണ് മഹീന്ദ്ര പറയുന്നത്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളിൽ ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിൽ 11 മോഡലുകളായാണ് XUV700 വിൽപ്പനയ്ക്ക് എത്തുന്നത്. MX-ന് 12.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയർന്ന വകഭേദമായ AX7 ലക്ഷ്വറിക്ക് 21.29 ലക്ഷം രൂപയാണ് എക്സ്ഷോറും വില. അതേസമയം, MX ഡീസലിന് 12.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന പതിപ്പായ AX7 ലക്ഷ്വറി ഓൾ വീൽ ഡ്രൈവ് മോഡലിന് 22.89 ലക്ഷം രൂപയും എക്സ്ഷോറും വിലയാക്കിയിട്ടുണ്ട്.

Related Articles

Back to top button