
സ്മാർട്ട് ഫോൺ നിർമാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ പതിപ്പായ മോട്ടോ G50, G100 ഫോണുകൾ അവതരിപ്പിച്ചു. മോട്ടോറോളയുടെ ഏറ്റവും വില കുറഞ്ഞ 5G ഫോണായാണ് മോട്ടോ ജി50 എത്തിയിട്ടുള്ളത്. ആദ്യ പടിയായി യുറോപ്യൻ വിപണിയിൽ എത്തിയിട്ടുള്ള ഈ ഫോണിന് 249.99 യൂറോയാണ് വില.അക്വ ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നീ രണ്ട് നിറങ്ങളിലാണ് മോട്ടോ G50 എത്തിയിട്ടുള്ളത്.

6.5 ഇഞ്ച് വലിപ്പമുള്ള മാക്സ് വിഷൻ എച്ച്.ഡി. പ്ലസ് ഡിസ്പ്ലേ, നാല് ജി.ബി. റാമിനൊപ്പം ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 480 പ്രോസസർ എന്നിവയാണ് ഈ ഫോണിന്റെ മറ്റ് ഫീച്ചറുകൾ. 64 ജി.ബി, 128 ജി.ബി. സ്റ്റോറേജിൽ ഈ ഫോൺ എത്തുന്നുണ്ട്.നോച്ച്ഡ് ഡിസ്പ്ലേയും പോളികാർബണേറ്റ് റിയർ പാനലുമാണ് ഈ ഫോണിന് വേറിട്ട ഭാവം നൽകുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത്ത് സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ ഫോണിൽ നൽകിയിട്ടുള്ള മറ്റൊരു ഫീച്ചർ. 13 മെഗാപിക്സൽ ഫ്രെണ്ട് സെൽഫി ക്യാമറയും ഇതിൽ നൽകുന്നുണ്ട്. എച്ച്.ഡി.ആർ, പ്രോ മോഡ്, പോർട്ടറൈറ്റ് മോഡ്, ടൈംലാപ്സ്, ഹൈപ്പർ ലാപ്സ് വീഡിയോ തുടങ്ങിയ ഫീച്ചറുകൾ G50 മോഡലിലെ ക്യാമറയിലുണ്ട്.