Auto
Trending

കേരളത്തിന്റെ ആദ്യ എല്‍.എന്‍.ജി. ബസ് ഇന്ന് നിരത്തിലിറങ്ങും

കേരളത്തിന്റെ പൊതുഗതാഗത രംഗത്തെ ഇന്ധന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെ.എസ്.ആർ.ടി.സിയുടെ ആദ്യ എൽ.എൻ.ജി. ബസ് സർവീസ് ഇന്ന് ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം മുതൽ എറണാകുളം വരെയും എറണാകളും മുതൽ കോഴിക്കോട് വരെയുമാണ് ആദ്യ എൽ.എൻ.ജി. ബസ് സർവീസിന് ഇറങ്ങുക. ആദ്യ സർവീസ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് 12 മണിക്ക് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്യും.


ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്ക് ചുവടുമാറ്റത്തിനൊരുങ്ങുന്ന സാഹചര്യം പരിഗണിച്ചാണ് കെ.എസ്.ആർ.ടി.സിയും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധന ഉപയോഗിച്ച് വാഹനമോടിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ ഡീസൽ ബസുകൾ എൽ.എൻ.ജി., സി.എൻ.ജി., തുടങ്ങിയവയിലേക്ക് മാറുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 400 പഴയ ഡീസൽ ബസുകളാണ് ആദ്യ ഘട്ടത്തിൽ എൽ.എൻ.ജിയിലേക്ക് മാറുന്നത്.കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ.ജി. ലിമിറ്റഡാണ് അവരുടെ കൈവശമുള്ള രണ്ട് എൽ.എൻ.ജി. ബസുകൾ സർവീസിനായി വിട്ടുനൽകിയിട്ടുള്ളത്. മൂന്ന് മാസത്തേക്കാണ് ഈ ബസുകൾ നൽകിയിട്ടുള്ളത്. ഈ മാസത്തിനുള്ളിൽ ബസുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യത പഠനം നടത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് 425 കിലോമീറ്ററും എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് 443 കിലോമീറ്ററുമാണ് ആദ്യത്തെ വാഹനങ്ങൾ സർവീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന സർവീസ് 11.15-ന് തിരുവനന്തപുരത്ത് എത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് നിന്നെടുത്ത് വൈകിട്ട് 8.15-ന് എറണാകുളത്ത് അവസാനിക്കും. എറണാകുളത്ത് നിന്ന് രാവിലെ 6.30-ന് ആരംഭിച്ച് 12.20 കോഴിക്കോട് എത്തുകയും ഉച്ചയ്ക്ക് 2.30 കോഴിക്കോട് നിന്ന് എടുത്ത് 8.20 എറണാകുളത്ത് അവസാനിക്കുന്നതുമാണ് സർവീസ്.

Related Articles

Back to top button