മൊറട്ടോറിയം കാലയളവിൽ വായ്പ തിരിച്ചടച്ചവരുടെ എക്സ്ഗ്രേഷ്യ ആനുകൂല്യം ഇന്ന് ലഭിക്കും

മൊറട്ടോറിയം കാലയളവിൽ വായ്പ തിരിച്ചടച്ചവർക്കുള്ള എക്സ്ഗ്രേഷ്യ ആനുകൂല്യം ബാങ്കുകൾ ഇന്ന് വായ്പക്കാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കും. മൊറട്ടോറിയം കാലയളവിലെ ഇഎംഐ അടച്ചവർക്കും ആനുകൂല്യം ലഭിക്കും. ഒപ്പം ക്രെഡിറ്റ് കാർഡ് കുടിശ്ശികയുള്ളവർക്കും ഇത് ബാധകമാണ്. രണ്ടുകോടി രൂപ വരെ വായ്പ എടുത്തവർക്കാണ് എക്സ്ഗ്രേഷ്യ എന്ന പേരിലുള്ള ഈ ആനുകൂല്യം ലഭിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ന് മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെയായിരുന്നു മൊറട്ടോറിയം പ്രഖ്യാപിച്ചത്.

സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസമായ തൂക്കം എക്സ്ഗ്രേഷ്യയായി അനുവദിക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടത്. നവംബർ 5നകം ഈ പദ്ധതി നടപ്പാക്കണമെന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വായ്പ നൽകുന്ന സ്ഥാപനങ്ങളോട് റിസർവ് ബാങ്ക് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസവായ്പ, ഭവന വായ്പ, കൺസ്യൂമർ ലോൺ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക തുടങ്ങിയ ലോണുകൾക്കു മേലാണ് ആനുകൂല്യം ലഭിക്കുക. എന്നാൽ കാർഷിക അനുബന്ധ മേഖലയിലെ വായ്പകൾക്ക് ആനുകൂല്യം ലഭിക്കില്ല.